LIFEMovie

ബിഗ് ബോസ് വിജയിക്ക് ലഭിച്ചത് 50 ലക്ഷം രൂപ മാത്രമോ ? ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ മാരാർക്ക് ഒരു സര്‍പ്രൈസ് സമ്മാനവും

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരെന്നറിഞ്ഞതിൻറെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകർ. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത അഖിൽ മാരാർ ആണ് സീസൺ 5 ലെ വിജയി. 50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുമെന്ന് അണിയറക്കാർ ഷോയുടെ തുടക്കം മുതൽ അറിയിച്ചിരുന്നത്. എന്നാൽ നേരത്തേ അറിയിക്കാതിരുന്ന ഒരു സർപ്രൈസ് സമ്മാനവും ടൈറ്റിൽ വിജയിയായ അഖിലിന് ലഭിച്ചു. ഷോയുടെ ടൈറ്റിൽ സ്പോൺസർമാരിൽ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തി കാറിൻറെ താക്കോൽ വിജയിക്ക് സമ്മാനിച്ചത്.

അതേസമയം സീസൺ 5 ടൈറ്റിൽ വിജയി ആവുമെന്ന് ഏറ്റവും കൂടുതൽ പേർ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖിൽ മാരാരുടേത്. ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ടെലിവിഷൻ ചർച്ചകളിലെയും മറ്റും സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ജനശ്രദ്ധയിൽ എത്തിയിരുന്ന ആളാണ് അഖിൽ മാരാർ. എന്നാൽ അഖിലിൻറെ അഭിപ്രായപ്രകടന രീതിയെ ഇഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗവും ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോയിലൂടെ എതിർപ്പുകളെയും കൈയടികളാക്കി മാറ്റിക്കൊണ്ടാണ് അഖിലിൻറെ മടക്കം.

Signature-ad

21 മത്സരാർഥികൾ മാറ്റുരച്ച സീസൺ 5 തുടങ്ങി പകുതി ആവുന്നതിന് മുൻപേ ജനപ്രീതിയിൽ അഖിൽ മറ്റ് മത്സരാർഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയിരുന്നു. ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം, ടാസ്കുകളിലെയും മറ്റും ലൂപ്പ്ഹോളുകൾ കണ്ടെത്തി അവയെ മറികടക്കൽ, സംവാദങ്ങളിൽ വാക് ചാതുര്യത്തോടെ പ്രതികരിക്കുന്നതിലെ മികവ്, ഒപ്പം തമാശകൾ പൊട്ടിക്കുന്ന മികച്ച എൻറർടെയ്നർ.. എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളും ചേർന്നാണ് അഖിൽ മാരാർ ടൈറ്റിൽ വിജയിയെന്ന നിലയിലേക്ക് പ്രേക്ഷക മനസുകളിൽ ഉയർന്നത്.

Back to top button
error: