കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് തുറന്നു നൽകാത്തതിനാൽ പടികൾ കയറിയ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ സ്വദേശി 56 വയസുള്ള വി. രാധാകൃഷ്ണനാണ് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം തിരിച്ചിറക്കാനും റാമ്പ് തുറന്നു നൽകിയില്ല. രണ്ട് ഗ്രേഡ് ടു ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയ്ക്കാണ് രാധാകൃഷ്ണൻ മരിച്ചത്. കുത്തിവയ്പ്പ് എടുത്ത ശേഷം രണ്ടാം നിലയിലെ മെയിൽ വാർഡിലേക്ക് പോകാനാണ് ചക്രക്കസേരയിലെത്തിയ രാധാകൃഷ്ണന്റെ കുടുംബം റാമ്പ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലുള്ള റാമ്പ് തുറക്കാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. അടിയന്തര സാഹചര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും കേട്ടഭാവം പോലും നടിച്ചില്ല.
ഒടുവിൽ അഭിജിത്തും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അച്ഛനും താങ്ങിയെടുത്താണ് പടികൾ കയറ്റിയത്. വാർഡിൽ എത്തും മുമ്പേ രാധാകൃഷ്ണൻ കുഴഞ്ഞുവീണു. വന്ദന ദാസ് കൊലപാതകത്തിന് ശേഷം 13 സുരക്ഷാ ജീവനക്കാരെ ചുമതലയേൽപ്പിച്ച ആശുപത്രിയിൽ നിന്ന് ആരും സഹായിക്കാനെത്തിയില്ലെന്നും പരാതി. ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ പരാതിയ്ക്ക് പിന്നാലെയുണ്ടായ അന്വേഷണത്തിനൊടുവിൽ നടപടി. ഗ്രേഡ് ടൂ ജീവനക്കാരായ ഷെറീന ബീവിയ്ക്കും അജന്തയ്ക്കും സസ്പെൻഷൻ.