കൊച്ചി നഗരം ഗതാഗതകുരുക്കു കൊണ്ട് ശ്വാസം മുട്ടുകയാണ്. ഇതിനു പരിഹാരമായി ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആകാശപാത നിര്‍മിക്കാനുള്ള നിർദ്ദേശവുമായി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ഈ ദൂരം വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയായി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും ഫ്ലൈഓവര്‍ പണിതിട്ടും തിരക്കിന് ശമനമില്ല.
അഞ്ച് ദേശീയപാതകളാണ് അരൂര്‍- ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ഉടന്‍ തന്നെ ഏഴു ദേശീയപാതാളാകും. കുണ്ടന്നൂര്‍- തേനി ഗ്രീന്‍ഫീല്‍ഡ് റോഡ്, കുണ്ടന്നൂര്‍- അങ്കമാലി ബൈപ്പാസ് എന്നിവ ഉടന്‍ ഈ പാതയുമായി ബന്ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പാതകള്‍ ഇടപ്പള്ളി- അരൂര്‍ റോഡുമായി ബന്ധിപ്പിക്കും.
ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിട്ടിയുടെ നിഗമനം . എറണാകുളം ജില്ലയിലെ ദേശീയപാത പദ്ധതികളുടെ അവലോകന യോഗത്തിലാണ് പദ്ധതി നിര്‍ദേശം ദേശീയപാത അതോറിറ്റി മുന്നോട്ട് വെച്ചത്. ഇതിനുള്ള ഡിപിആര്‍ ഉടന്‍ തയാറാക്കുമെന്നും നാഷണൽ ഹൈവെ അതോരിറ്റി അറിയിച്ചു.