KeralaNEWS

സ്മാർട്ട് വില്ലേജ് ഓഫീസുകൾ, കണ്ണൂരിലെ മൂന്നിടങ്ങളിൽ ഇന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

  അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ്. വില്ലേജ് ഓഫിസുകൾക്ക് ഒരു ഏകീകൃത നിർമാണ രൂപരേഖ തയാറായി വരികയാണ്. റവന്യു വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സേവനങ്ങൾക്കൊപ്പം കെട്ടിടവും സ്മാർട്ട് ആക്കുന്നു.

ഇതിന്റെ ഭാഗമായി കണ്ണൂരിലെ വളപട്ടണം, കുഞ്ഞിമംഗലം, എരുവേശ്ശി വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങി. വളപട്ടണം വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഇന്ന് (ശനി) രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിക്കാനുള്ള ഏരിയ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, റെക്കോര്‍ഡ് മുറി, മീറ്റിംഗ് ഏരിയ, ശുചിമുറി, റാമ്പ് എന്നിവയാണ് ഒരു നില കെട്ടിടത്തിലുള്ളത്. ഇതിന് പുറമെ ചുറ്റുമതില്‍, ഗെയ്റ്റ്, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നീ പ്രവൃത്തിയും നടത്തിയിട്ടുണ്ട്.

Signature-ad

കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ശനി) വൈകിട്ട് 4.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി എന്നിവയും മുകളിലത്തെ നിലയില്‍ റെക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍, ശുചിമുറി എന്നിവ ഉള്‍പ്പടെ 1353 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ചുറ്റുമതില്‍, ഇന്റര്‍ലോക്ക് ചെയ്ത മുറ്റം, ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ഒരുക്കി.

എരുവേശ്ശി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം  ഇന്ന് (ശനി) ഉച്ചയ്ക്ക് ഒരു മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. എരുവേശ്ശി പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും.
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. റാമ്പോടുകൂടിയ ഫ്രണ്ട് വരാന്ത, വിസിറ്റേഴ്‌സ് റൂം, ഇന്‍ക്വയറി കൗണ്ടര്‍, ഓഫീസ് ഹാള്‍, വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേകമായ ക്യാമ്പിന്‍, റിക്കാര്‍ഡ് റൂം, ഡൈനിംഗ് റൂം, സ്റ്റാഫ് ടോയ്‌ലറ്റ്, വികലാംഗ സൗഹൃദ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി സ്ഥലം വിട്ടു നല്‍കിയ സാജു പുളിക്കല്‍, റോഡിന് സ്ഥലം വിട്ടു നല്‍കിയ റൈജു മുക്കുഴിയില്‍ എന്നിവരെ ആദരിക്കും.

Back to top button
error: