KeralaNEWS

പെരുനാട്ടിലെ രാജനോട് കടുവയ്ക്ക് എന്താണിത്ര ശത്രുത ? 

റാന്നി:പെരുനാട്ടിലെ രാജനോട് കടുവയ്ക്ക് എന്താണിത്ര ശത്രുത..?
ഗർഭിണികളായ രണ്ട് പശുക്കൾ, പ്രസവിച്ചതും ഗർഭിണിയുമായ രണ്ട് ആടുകൾ എന്നിവയാണ് രാജന് ഇതുവരെ നഷ്ടമായത്.
ഒരു മാസം മുൻപ് രാജന്റെ രണ്ടു പശുക്കളെ കൊന്നു തിന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമെത്തിയ കടുവ രണ്ട് ആടുകളെയും കടിച്ചു കൊന്നിരുന്നു.റാന്നി പെരുനാട് ബഥനിമലയിലാണ് സംഭവം.
മാമ്പറത്ത് എബ്രഹാമിന്റെ (രാജന്‍) രണ്ടു ആടുകളെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ റബര്‍ തോട്ടത്തില്‍ തീറ്റാനായി തുറന്നുവിട്ട നാലെണ്ണത്തില്‍ രണ്ടു ആടുകളെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ മാസം രാജന്റെ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ ഉൾപ്പെടെ രണ്ടെണ്ണത്തിനെ  കടുവ കൊന്നിരുന്നു.
തുടരെയുള്ള കടുവ ആക്രമണങ്ങളില്‍ രാജന് ഇതു വരെ നഷ്ടപ്പെട്ടത് രണ്ടു പശുക്കളെയും രണ്ടു ആടുകളെയുമാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പശുക്കളെ കാണാതായിരുന്നെങ്കിലും കൂട്ടം തെറ്റി പോയതെന്ന് സംശയിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് പശുക്കളുടെ തോല്‍ ഉള്‍പ്പടെയുള്ളവ കണ്ടതോടെയാണ് വന്യ മൃഗങ്ങള്‍ പിടികൂടിയതായിരിക്കാം എന്ന് മനസിലായത്.

മക്കളെപ്പോലെ സ്‌നേഹിച്ചാണിവയെ വളർത്തിയത്. രണ്ട് പശുക്കളെ കൊന്ന കടുവയെ ഒരു മാസമായി കാണാതിരുന്നപ്പോൾ കാട്ടിലേക്ക് മടങ്ങിയെന്നാണ് കരുതിയത്.എന്നാൽ വീണ്ടുമെത്തി രണ്ട് ആടുകളെയും കൊന്നു. ഇനി എല്ലാത്തിനെയും കടുവ കൊന്നുതിന്നട്ടെ-വിഷമത്തോടെയും രോഷത്തോടെയും രാജൻ വനപാലകർ കേൾക്കെ പറഞ്ഞു.

 

Signature-ad

രണ്ടാമത്തെ പശുവിനെ കൊന്നതോടെ 14 ആടുകളെ മനസ്സില്ലാമനസ്സോടെ വിറ്റു.നാലെണ്ണത്തിനെ മാത്രമാണ് നിർത്തിയിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് ഈ കിടക്കുന്നതെന്ന് കടുവ കൊന്നിട്ട ആടുകളെ ചൂണ്ടി രാജൻ പറഞ്ഞു.

 

പശുക്കളെ കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ഇപ്പോഴും 18 എണ്ണമുണ്ട്. ഇപ്പോൾ കൂടെ നടന്നാണ് പശുക്കളെ മേയാൻവിടുന്നത്. ആടുകളെ കെട്ടിയിടുകയായിരുന്നു പതിവ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അഴിച്ചുവിട്ടിരുന്നു. പിന്നീടാണ് കടുവ പിടികൂടിയത്. ഇനിയും എത്രയെണ്ണത്തിനെ കടുവ കൊല്ലുമെന്ന് കണ്ടറിയാമെന്നും രാജൻ പറഞ്ഞു.

 

രാജന്റെ സഹോദരൻ നെടുമണ്ണിൽ ജോസിന്റെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയും കടുവ കൊന്നിരുന്നു. ജോസിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് സമീപമാണ് ആടുകൾ ചത്തുകിടന്നിരുന്നത്. നേരതേ് കൂട് വെച്ചിരുന്ന സ്ഥലത്തുനിന്നും 500 മീറ്ററോളം ദൂരെയാണ് ആടുകളെ കൊന്ന സ്ഥലം. ഏപ്രിൽ മൂന്നിന് പെരുനാട് കാർമേൽ കോളേജിന് സമീപം കുളത്തുംനിരവിൽ വഴവിനാൽ റെജിയുടെ പശുവിനെയാണ് ആദ്യം കൊന്നത്. ടാപ്പിങ് തൊഴിലാളികളും വഴി യാത്രക്കാരുമൊക്കെ കടുവയുടെ മുന്നിലകപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു മാസത്തിനുശേഷമാണ് മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായത്.ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.നേരത്തെ ഈ മേഖലയില്‍ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെ  വനംവകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഇപ്പോള്‍ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.
അതേസമയം സ്ഥലത്തെത്തിയ വനപാലകർ പശുവിന്റെ ജഡത്തിന്റെ കുറെ അവശിഷ്ടങ്ങൾ കടുവയെ കുടുക്കാൻ സ്ഥാപിച്ച കൂട്ടിൽ വച്ചിട്ടുണ്ട്. കൊന്നിട്ട പശുവിനെ ഇരയാക്കാൻ കടുവ ഇന്നെത്തുമെന്നാണ് കരുതുന്നത്. മുൻപ് ഇത്തരത്തിൽ എത്തിയപ്പോഴാണ് വനപാലകർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യം പതിഞ്ഞതും കടുവയാണെന്ന് സ്ഥിരീകരിച്ചതും.
ഇന്നലെ പശുവിന്റെ ജഡം കണ്ട ഭാഗത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പെരുനാട് വെറ്ററിനറി സർജൻ ഡോ. റെംസിമോൾ, വെച്ചൂച്ചിറ വെറ്ററിനറി സർജൻ ആനന്ദ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തി.തുടർന്ന് ആന്തരിക അവയവങ്ങൾ കുഴിച്ചിട്ടു.

Back to top button
error: