BusinessTRENDING

ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

മുംബൈ: ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം. പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് സൊമാറ്റോയാണ്. ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തിൽ വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഫോൺപേയുടെ ഉടമസ്ഥതയിലുള്ള പിൻകോഡിൽ എന്ന ആപ്പിൽ  പ്രചോദനമുൾക്കൊണ്ടാണ് പുതിയ അപ്ഡേറ്റ്.

പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക്  വിവിധ റസ്റ്റോറന്റുകളിൽ നിന്ന് നാല് കാർട്ടുകൾ വരെ ക്രിയേറ്റ് ചെയ്യാനും ഓർഡർ ചെയ്യാനുമാകും. ഒരു കാർട്ടിൽ നിന്ന് ഒരു ഓർഡർ പൂർത്തിയാക്കിയ ശേഷം അടുത്ത കാർട്ടിലെത്തി ഓർഡർ നല്കാം. ഫോൺപേ സിഇഒ സമീർ നിഗം ​​പിൻകോഡിന്റെ ലോഞ്ച് വേളയിൽ മൾട്ടി-കാർട്ട് ഫീച്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറഞ്ഞിരുന്നു.  ഇത് ഷോപ്പിംഗ് അനുഭവവും വില്പനയും വർധിപ്പിക്കാനും സഹായിക്കും. സമാന രീതിയിലേക്കാണ് സൊമാറ്റോയും ചുവട് മാറ്റുന്നത്.

ഏകദേശം അഞ്ച് ബില്യൺ ഡോളർ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ പ്രധാനികളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഇരുവരും തങ്ങളുടെ വിപണി വിഹിതം വിപുലീകരിക്കാനായി കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. നിലവിൽ, സൊമാറ്റോയ്ക്ക് 55 ശതമാനത്തിന്റെ വലിയ ഓഹരിയാണുള്ളത്. സ്വിഗ്ഗിയുടെ ഓഹരി 45 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വർഷമായി സ്വിഗ്ഗിയുടെ വിപണി വിഹിതം ക്രമാനുഗതമായി കുറയുകയാണ്.

2023 സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ വരുമാനം 600 മില്യണിൽ നിന്ന് ഏകദേശം 900 മില്യൺ ഡോളറായി ഉയർന്നെങ്കിലും, സൊമാറ്റോയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനെ വളർച്ചയായി കാണാനാകില്ല. ഒരേ കാലയളവിലെ സ്വിഗ്ഗിയുടെ നഷ്ടം ഏകദേശം 545 മില്യൺ ഡോളറും സൊമാറ്റോയുടെ നഷ്ടം ഏകദേശം 110 മില്യൺ ഡോളറുമാണ്.

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് ഇരുചക്ര വാഹന ബ്രാൻഡായ ടിവിഎസ് മോട്ടോർ കമ്പനി രം​ഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 50 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകൾ സൊമാറ്റോ ഡെലിവറി പങ്കാളികൾക്ക് കൈമാറിയിട്ടുണ്ട്.

രണ്ട് വർഷത്തിനുള്ളിൽ മൊത്തത്തിൽ 10,000 ഐക്യൂബ് സ്‌കൂട്ടറുകളാണ് കമ്പനി ഇത്തരത്തിൽ വിന്യസിക്കുക. ഉല്പന്നം, ചാർജിംഗ് ഇക്കോസിസ്റ്റം, സുസ്ഥിര ലക്ഷ്യങ്ങൾ, ഡിജിറ്റൽ സംയോജനങ്ങൾ എന്നിവ ഉൾപ്പെടെ ആറ് പ്രധാന മേഖലകളിലായാണ് ഇരു കമ്പനികളും ബന്ധം സ്ഥാപിക്കുന്നത്.

Back to top button
error: