KeralaNEWS

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും  വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌ അസംബന്ധം:ഡോ.ഷിംനാ അസീസ്

സൂചി കയറ്റാൻ ഇടം കിട്ടിയാൽ
അവിടെ പാര കയറ്റുന്ന പണിക്ക് ഇറങ്ങല്ലേ…….
വസ്ത്ര സ്വാതന്ത്ര്യമൊക്കെ വേണം എന്ന് കരുതി
സർജിക്കൽ ഡ്രസിൽ വരെ വേണമെന്ന് പറയുന്നത്
ഒരൽപം കടന്ന കൈയ്യാണ് ഭായ് …….
ഒരു ഡോക്ടർ തന്നെ എഴുതിയത് വായിക്കൂ…”
ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും
വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌ അസംബന്ധമാണ്‌.
പഠിക്കുന്ന കാലത്ത്‌ കൈയിൽ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോതിരം ഇട്ടതിന്റെ പേരിലുമൊക്കെ കൂടെയുള്ളവർക്ക്‌ സീനിയർ ഡോക്‌ടർമാരിൽ നിന്ന്‌ വഴക്ക്‌ കേൾക്കുന്നതിന്‌ സാക്ഷിയായിട്ടുണ്ട്‌. കൈമുട്ടിന്‌ താഴേക്ക്‌ അത്ര ചെറിയ വസ്‌തുക്കൾ പോലും  അനുവദനീയമല്ലെന്നിരിക്കെയാണ്‌ ഫുൾസ്ലീവ്‌ !
ഓരോ തവണ സർജറിക്ക്‌ കേറുമ്പോഴും സർജനും അസിസ്‌റ്റ്‌ ചെയ്യുന്നവരും മിനിറ്റുകളെടുക്കുന്ന വിശദമായ കൈ കഴുകൽ നടത്തുന്നുണ്ട്‌. കൈമുട്ടിന്‌ താഴെ വിരലറ്റം വരെ വരുന്ന ഈ കഴുകലിന്‌ ‘സ്‌ക്രബ്‌ ചെയ്യുക’ എന്നാണ്‌ പറയുക. അറിയാതെ പോലും രോഗിയിലേക്ക്‌ രോഗാണുക്കൾ എത്തരുതെന്ന ലക്ഷ്യമാണ്‌ ഇതിനുള്ളത്‌.
അതിന്‌ ശേഷം കൈ എവിടെയും തട്ടാതെ വളരെ വളരെ സൂക്ഷിച്ചാണ്‌ ഓപ്പറേഷൻ തിയറ്ററിനകത്ത്‌ പോയി ഗ്ലവും മറ്റും ധരിക്കുന്നത്‌. ഓരോ സർജറിക്ക്‌ ശേഷവും കഴുകി വൃത്തിയാക്കി വെക്കുന്ന വസ്‌ത്രങ്ങൾ ഡോക്‌ടർക്ക്‌ മാത്രമേ ലഭിക്കൂ. ലോങ്ങ് സ്ലീവ് ജാക്കറ്റ് വഴി കയറിക്കൂടിയേക്കാവുന്ന അണുക്കൾ  രോഗിയുടെ മുറിവിൽ വീണാലുള്ള അവസ്‌ഥ പരിതാപകരമായിരിക്കും. എന്തടിസ്ഥാനത്തിലാണ് രോഗിയുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ആവശ്യങ്ങൾ മെഡിക്കൽ വിദ്യാർത്‌ഥികൾ ചോദിക്കുന്നത്‌ !!
അല്ല, എന്തിനാ വസ്ത്രം മാത്രമാക്കുന്നത്, ഹോമവും വെഞ്ചരിപ്പും കൂടെ ആയാലോ…!! ഓപ്പറേഷൻ തിയറ്റർ എന്ന അത്യധികം ഗൗരവമാർന്ന ഒരിടത്ത്‌ മതം കുത്തിക്കയറ്റി കുളമാക്കുന്ന നേരത്ത്‌ പഠിക്കാനുള്ളത്‌ പഠിച്ച്‌ ഒരിടത്തെത്താൻ നോക്കണമെന്ന്‌ മാത്രമേ ആ പെൺകുട്ടികളോട്‌ പറയാനുള്ളൂ…
Primum non nocere.
അതാണ്‌ നമ്മിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന കർത്തവ്യം.
Dr. Shimna Azeez

Back to top button
error: