ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ വ്യാഴാഴ്ച റിലീസായിരിക്കുകയാണ്. രണ്ടേ രണ്ട് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് മാരി സെൽവരാജ്. പരിയേറും പെരുമാൾ, കർണൻ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നൻ’. എം.കെ. സ്റ്റാലിന്റെ മകനും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി അഭിനയിച്ച അവസാന ചിത്രമാണ് മാമന്നൻ. സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക.
വടിവേലുവാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എആർ റഹ്മാൻ ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ വിക്രത്തിന് ശേഷം പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രമാണ് മാമന്നൻ. ചിത്രത്തിലെ നെഗറ്റീവ് റോളാണ് ഇദ്ദേഹം ചെയ്യുന്നത്.
മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പറയുന്നത്. വടിവേലുവിൻറെ വേഷത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ട്വിറ്റർ റിവ്യൂകൾ പറയുന്നത്. പലരും ചിത്രത്തിൻറെ ഇൻറർവെൽ ബ്ലോക്കിനെ വലിയ തോതിൽ പ്രശംസിക്കുന്നുണ്ട്. വടിവേലു, ഫഹദ് എന്നിവരുടെ പ്രകടനവും എആർ റഹ്മാൻറെ സംഗീതലും ചിത്രത്തെ വലിയതോതിൽ തുണച്ചുവെന്നാണ് ഉയരുന്ന അഭിപ്രായം. അതേ സമയം ചിത്രത്തിലെ കൂടിയ ഇമോഷണനും, നായകമായി എത്തിയ ഉദയനിധിയും, ചിത്രത്തിൻറെ വേഗതയും ചിത്രത്തിന് നെഗറ്റീവ് ആകുന്നുണ്ടെന്നും അഭിപ്രായം വരുന്നുണ്ട്.
മാരി സെൽവരാജ് മുൻപും നിരന്തരം പറഞ്ഞ അതേ രാഷ്ട്രീയം ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. സമത്വം സാമൂഹ്യനീതി എന്നിവയ്ക്കുള്ള പോരാട്ടം തന്നെയാണ് ഈ ചിത്രവും മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതികരണങ്ങൾ വരുന്നത്.