KeralaNEWS

‘മൂന്നാർ വികസനം’ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല, മൂന്നാർ എറണാകുളം പോലെ ആയാൽ വിനോദസഞ്ചാരികൾ വരുമോ എന്നും ഹൈക്കോടതി

   മൂന്നാർ എറണാകുളം പോലെ ആയാൽ വിനോദസഞ്ചാരികൾ അവിടേയ്ക്ക് വരുമോ എന്ന് ഹൈക്കോടതി. മൂന്നാർ മേഖലയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ വിലക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വൺ എർത്ത് വൺ ലൈഫ്’ അടക്കം ഫയൽ ചെയ്ത ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യം. കൊടൈക്കനാലിൽ അനധികൃത നിർമാണം ഏറിയതോടെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

എങ്ങനെ വേണം ഓരോ മേഖലയുടെയും വികസനം എന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലാത്തതാണ് പ്രശ്‌നം. മികച്ച ടൂറിസം കേന്ദ്രമാണ് മൂന്നാർ. അത്തരത്തിൽ വികസിപ്പിക്കാൻ കഴിയുന്ന പദ്ധതിക്ക്‌ രൂപം നൽകണം.

നിർമാണത്തിന് കോടതി എതിരല്ല. അത്തരം ഭീതി സൃഷ്ടിക്കരുത്. നിർമാണത്തിന്റെ പരിണിതി എന്താണെന്ന് പരിശോധിക്കണം എന്നു മാത്രമാണ് പറയുന്നത്. മൂന്നാർ മേഖലയെക്കുറിച്ച് പഠിക്കാനുള്ള ഏജൻസിയുടെ പേര് പറയാൻ സർക്കാരിനാകുന്നില്ല. ഇക്കാര്യം സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഇടുക്കി ജില്ലാ കളക്ടറും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെംബർ സെക്രട്ടറിയും ഓൺലൈൻ വഴി ഹാജരാകണം. മൂന്ന് നിലകളിലധികമുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വയനാട് കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയതു പോലുള്ള നിയന്ത്രണം എന്തുകൊണ്ടാണ് ഇടുക്കി കളക്ടർ ഏർപ്പെടുത്താത്തതെന്ന ചോദ്യം കോടതി ആവർത്തിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. മൂന്ന് നിലകളിലധികമുള്ള നിർമാണത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കോടതിക്ക്‌ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. ജനങ്ങളുടെ താത്‌പര്യങ്ങളും കണക്കിലെടുത്തുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് ഹർജിക്കാർ വാദിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കേസിൽ കക്ഷിചേർത്തു. വിഷയം പിന്നീട് വീണ്ടും പരിഗണിക്കും.

Back to top button
error: