നാട്ടിലാകെ പകർച്ചപ്പനി. പക്ഷേ കാസർകോട് ജില്ലയിൽ പ്രണയപ്പനി. അതും വിവാഹിതരും ഒന്നും രണ്ടും മക്കളുമുള്ള യുവാക്കളും മധ്യവയസ്ക്കരുമാണ് കടുത്ത പ്രണയപ്പനി ബാധിച്ച് ഒളിച്ചോടുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ നിരവധി പേരാണ് പുതു പ്രണയങ്ങളിൽ കുടുങ്ങി കുടുംബത്തെയും കുട്ടികളെയും അനാഥരാക്കി നാടുവിട്ടത്.
കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 26കാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് യുവതിയെ കാണാതായത്. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്ന് പോയ ശേഷം യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൂന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്. അതേസമയം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകന്റെ കൂടെ പോയിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്.
കോളജ് പഠന കാലത്ത് തന്നെ യുവതിയും കാമുകനും പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് പറയുന്നത്. ഇത് മനസിലാക്കിയ വീട്ടുകാർ മറ്റൊരാളുമായി ഉടൻ തന്നെ യുവതിയുടെ വിവാഹം നടത്തുകയും ചെയ്തിരുന്നു. ഏറെനാൾ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു യുവതി. നാട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. യുവതിയും കാമുകനും എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.