ഇടുക്കി: ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ബീന ജോസഫിന്‍റെ ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതേത്തുടർന്ന് സാമ്പിൾ ശേഖരിച്ച് ബംഗലുരുവിലുള്ള ലാബിലേക്ക് അയച്ചു.
പരിശോധനയിൽ പന്നിപ്പനിയാണെന്ന് ഉറപ്പായതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിലുൾപ്പെടുക. പനി സ്ഥീരികരിച്ച ഫാമിൽ ബാക്കിയുണ്ടായിരുന്ന 46 പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ദയാവധം ചെയ്തു. സമീപത്ത് മറ്റു ഫാമുകളില്ലെന്നാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും പറയുന്നത്.
രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റൊരിത്തേക്കും പന്നികളെ കൊണ്ട് പോയിട്ടില്ലെന്നാണ് ഉടമ പറഞ്ഞത്. ഇത് ശരിയാണോയെന്ന് ആന്വേഷണം നടത്തും. ഇതോടൊപ്പം ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശനമാണിവിടം. ഇവിടെ പന്നിമാംസം വിൽക്കുന്നതും പുറത്തേക്ക് പന്നികളെ കൊണ്ട് പോകുന്നതും നിരോധിച്ചു.