SportsTRENDING

മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നു; ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.

മുംബൈ: ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൻറെ വേദികൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ ആദ്യം വലിയ സന്തോഷത്തിലായിരുന്നു മലയാളികൾ.ലോകകപ്പ് വേദികളിൽ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ പേരും കണ്ടതോടെയാണ് മലയാളികൾ ആവേശത്തിലായത്. എന്നാൽ വേദികൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മത്സരക്രമവും പുറത്തുവന്നപ്പോൾ മലയാളികൾ നിരാശയിലായി.

കാരണം വേദികളിൽ തിരുവനന്തപുരം ഉണ്ടെങ്കിലും സന്നാഹ മത്സരങ്ങൾക്ക് മാത്രമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുകയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരം, ഹൈദരാബാദ് , ഗുവാഹത്തി സ്റ്റേഡിയങ്ങൾ സന്നാഹ മത്സരത്തിന് വേദിയാവുമ്പോൾ രാജ്യത്തെ മറ്റ് 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

Signature-ad

ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉൾപ്പെടുത്താതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ ശശി തരൂർ എംപി. ലോകകപ്പ് പോലെ ദൈർഘ്യമേറിയൊരു ടൂർണമെൻറ് നടത്തുമ്പോൾ മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നുവെന്ന് ശശി തരൂർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

തിരുവനന്തപുരത്ത് ഗ്രീഫീൽഡ് പോലെ മനോഹരമായൊരു സ്റ്റേഡിയമുണ്ട്. അതുപോലെ മൊഹാലി, റാഞ്ചി തുടങ്ങിയ സ്റ്റേഡിയങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു. ചിലയിടത്ത് നാലു അഞ്ചും മത്സരങ്ങൾ നടക്കുമ്പോൾ മറ്റു ചില സ്റ്റേഡിയങ്ങളിൽ രണ്ടും മൂന്നും മത്സരങ്ങളാണുള്ളത്. നാലും അഞ്ചും മത്സരങ്ങൾ ഒരു സ്റ്റേഡിയത്തിൽ നടത്തുന്നതിന് പകരം രാജ്യത്തെ കൂടുതൽ സ്റ്റേഡിയങ്ങളിൽ മത്സരം നടത്താൻ തയാറാവാത്തത് ബിസിസിഐക്ക് പറ്റിയ പിഴവാണെന്നും ശശി തരൂർ പറഞ്ഞു.

ലോകകപ്പ് വേദികളിൽ ചെന്നൈയിലും ഡൽഹിയിലും പൂനെയിലും ബെംഗലൂരുവിലുമെല്ലാം അഞ്ച് മത്സരങ്ങൾ വീതം നടക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയായിരിക്കും ടീമുകൾ തമ്മിൽ സന്നാഹ മത്സരങ്ങൾ കളിക്കുക.ഇന്ത്യയുടെ ഒരു സന്നാഹ മത്സരത്തിനാവും തിരുവനന്തപുരം വേദിയാവുക എന്നാണ് സൂചന.

Back to top button
error: