IndiaNEWS

ട്രെയിൻ വരുന്നത് അറിയിക്കാൻ ജീവനക്കാർ മറന്നു; 60-ലധികം യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി

ബെം​ഗളൂരു: ട്രെയിൻ വരുന്നത് അറിയിക്കാൻ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ മറന്നതിനാൽ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി. കർണാടകയിലെ കലബുറഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്പ്രസ് ട്രെയിനിൽ കയറാൻ കാത്തുനിന്ന 60-ലധികം യാത്രക്കാർക്കാണ് ട്രെയിൻ നഷ്ടമായത്. ശനിയാഴ്ച രാത്രി ഒമ്പതിന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ 6.15ന് കലബുറഗി സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു. ട്രെയിൻ കാത്ത് യാത്രക്കാർ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തി. എന്നാൽ സ്‌റ്റേഷനിലെ ജീവനക്കാർ ട്രെയിൻ വന്ന വിവരം അറിയിക്കുകയോ പ്ലാറ്റ്‌ഫോം നമ്പർ അറിയിക്കുകയോ ചെയ്തില്ല. അതേസമയം, ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലെത്തി ഷെഡ്യൂൾ പ്രകാരം പുറപ്പെടുകയും ചെ‌യ്തു.

ട്രെയിൻ പോയതറിഞ്ഞതോടെ യാത്രക്കാർ സ്റ്റേഷന് മാനേജരുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടർന്ന് അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിൽ യാത്രക്കാക്ക് സൗകര്യമൊരുക്കി. രാവിലെ 6.32ന് ട്രെയിൻ എത്തുമെന്ന് ബോർഡ് കാണിച്ചിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. എന്നാൽ ഈ ട്രെയിനിന് പിന്നാലെ വരുന്ന മറ്റൊരു ട്രെയിൻ എത്തിയ വിവരം റെയിൽവേ ജീവനക്കാർ അറിയിച്ചപ്പോഴാണ് ട്രെയിൻ നഷ്ടപ്പെട്ട വിവരം യാത്രക്കാർ അറിയുന്നത്. ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്‌പ്രസ് എത്തുമെന്ന് അറിയിക്കാൻ ജീവനക്കാർ മറന്നെന്നും യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായെന്നും കലബുറഗി സ്റ്റേഷൻ മാനേജർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: