കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയിൽവേ ജീവനക്കാരിയിൽ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ. വാക് സാമർഥ്യം കൊണ്ട് ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ റമ്മി കളിക്കാനും ആർഭാട ജീവിതത്തിനും വേണ്ടി സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
മുപ്പത് വയസുകാരനായ പാലക്കാട് ചാലവര സ്വദേശി ആബിദ് ആണ് റെയിൽവേ പൊലീസിൻറെ പിടിയിലായത്. കോട്ടയം റെയിൽവെ സ്റ്റേഷനിലെ വെയിറ്റിങ് റൂമിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയിൽ നിന്നാണ് ആബിദ് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയത്. പ്രധാനമന്ത്രി മുദ്രാ ലോൺ വഴി പത്ത് ലക്ഷം തരപ്പെടുത്താമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. പണം നൽകി കാലം കുറേ കഴിഞ്ഞിട്ടും വായ്പ കിട്ടാതായതോടെ ജീവനക്കാരി പണം തിരികെ ചോദിച്ചു. അപ്പോഴും ആബിദ് തട്ടിപ്പ് തുടർന്നു.
ചെർപ്പുളശേരി, ഷൊർണൂർ, തൃശൂർ, തിരുവനന്തപുരം മേഖലകളിൽ നിന്നെല്ലാം തൊഴിൽ വാഗ്ദാനം ചെയ്തും വായ്പ വാഗ്ദാനം ചെയ്തും പണം തട്ടിയതിന് ആബിദിനെതിരെ പരാതികളുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. കിട്ടുന്ന പണത്തിൽ കൂടുതലും ഓൺലൈൻ റമ്മി കളിക്കാനാണ് കളഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവിൽ എൻജിനീയർ ആണെന്ന് പറഞ്ഞായിരുന്നു ആളുകളെ പറ്റിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് കോട്ടയം റെയിൽവെ പൊലീസ് ആബിദിനെ അറസ്റ്റ് ചെയ്തത്.