കൊച്ചി:കൊച്ചിൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം.സിയാലിന്റെ പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയായി ഉയര്‍ന്നു.
267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതവും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവള കമ്ബനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിത്.
2022-23ലെ വരവ് ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി.ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സിയാല്‍ ഗ്രൂപ്പ് ഓഫ് കമ്ബനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോര്‍ഡ് തീരുമാനിച്ചു.
കൊവിഡിനെ തുടര്‍ന്ന് 2020-21-ല്‍ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാല്‍ കൊവിഡാനന്തരം നടപ്പിലാക്കിയ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22ല്‍ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കൊവിഡാനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാല്‍.