കാഞ്ഞങ്ങാടിനടുത്ത് ചെറുവത്തൂർ ഗ്രാമം അപൂർവ്വമായൊരു സ്വപ്ന സാഫല്യത്തിന്റെ ആഹ്ലാദത്തിലാണ്. താൻ 30 വർഷം നെഞ്ചേറ്റിയ സ്വപ്നമാണ് നാളെ (ഞായർ ) പൂവണിയാൻ പോവുന്നതെന്ന് കൽപ്പണിക്കാരനായ കണ്ണങ്കൈ കുഞ്ഞിരാമൻ പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക ലക്ഷ്യത്തോടെ അദ്ദേഹം നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനമാണ് നാളെ. കൊടും ചൂടിൽ കല്ല് വെട്ടുന്ന അധ്വാനത്തിന്റെ മികവോടെയാണ് കുഞ്ഞിരാമന്റെ ആശുപത്രി നിർമാണവും നടന്നത്.
കുഞ്ഞിരാമന്റെ നന്മ നിറഞ്ഞ മനസാണ് ഈ ആശുപത്രിയുടെ പിന്നിലെ കരുത്തെന്ന് ജനങ്ങൾ പറയുന്നു. കുഞ്ഞിരാമൻ വെറും കല്ല് കെട്ട് തൊഴിലാളി മാത്രമല്ല, മികച്ച നാടകനടനും സംവിധായകനും കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ച് അരങ്ങിലെത്തിച്ച കുഞ്ഞിരാമൻ ‘അരയാക്കടവിലേക്ക്’ എന്ന സിനിമ നിർമിച്ചും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധേയനായ വ്യക്തി കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ചു. മിക്കതും അമേച്വർ നാടകങ്ങളാണ്. കേരള സംഗീത നാടക അക്കാഡമിയുടേത് അടക്കം മികച്ച നടനുള്ള പുരസ്കാരം 27 തവണ കുഞ്ഞിരാമന് ലഭിച്ചിട്ടുണ്ട്.
കുഞ്ഞിരാമൻ ആദ്യം പഠിച്ചത് കല്ല് വെട്ടാനാണ്. വീട്ടിൽ ദാരിദ്ര്യമായതിനാൽ പശുവിനെ നോക്കിയ ശേഷമാണ് സ്‌കൂളിൽ പഠനത്തിനായി ചെല്ലാറുണ്ടായിരുന്നത്. ഏഴ് മക്കളുള്ള കുടുംബത്തിൽ ഒന്നിനും വകയില്ലാതായപ്പോൾ പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷം കുടുംബം പോറ്റാനാണ് കൽപണിക്ക് ഇറങ്ങിയത്. അധ്വാനത്തിന്റെ ഏറിയ പങ്കും കുഞ്ഞിരാമൻ ചിലവിട്ടത് നാടകത്തിനാണ്.
ചെറുപ്പം മുതൽ തന്നെ പോലുള്ള പാവങ്ങൾ ചികിത്സ കിട്ടാതെ വിഷമിക്കുന്നത് കണ്ടപ്പോഴാണ് സ്വന്തമായൊരു ആശുപത്രി എന്ന ആഗ്രഹം മനസിൽ സൂക്ഷിക്കാൻ തുടങ്ങിയത്. പിന്നീട് മനസിൽ കൊണ്ടുനടന്ന ആശുപത്രിക്കായി ഓരോ കല്ലും അടുക്കിവെക്കുകയായിരുന്നു. നാളെ കുഞ്ഞിരാമന്റെ ആ സ്വപ്‌നം പൂവണിയുകയാണ്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പിറകിലെ വില്ലേജ് ഓഫീസിന് സമീപമാണ് കെ.കെ.ആർ ക്ലിനിക് എന്ന പേരിൽ ആശുപത്രി പ്രവർത്തിക്കാൻ പോകുന്നത്. കൺസൾടൻസ് ഫിസിഷൻ അടക്കം മൂന്ന് വിദഗ്ധ ഡോക്ടർമാരാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഉണ്ടാവുക. ഇത് കൂടാതെ മൂന്ന് ഡോക്ടർമാർ പല ദിവസങ്ങളിലായി വിസിറ്റിംഗ് ഡോക്ടർമാരായി ഉണ്ടാവും.
സമ്പൂർണ ഓടോമാറ്റിക് ഹൈടെക് ലബോറട്ടറിയും ഇ സി ജി, സ്‌കാനിങ്, മെഡിക്കൽ സ്റ്റോർ എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൺസൽടൻറ് ഫിസിഷനും ജിറിയാട്രിക് സൊസൈറ്റി ഓഫ് ഇൻഡ്യയിൽ നിന്നും പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. സച്ചിൻ ദേവ്, കുട്ടികളുടെ സ്പെഷ്യലിസ്റ്റായ ഡോ. കെ ദീപക്, മെഡിക്കൽ ഓഫീസർ അഭിറാം കൃഷ്ണൻ തുടങ്ങിയവരാണ് കുഞ്ഞിരാമന്റെ ആശുപത്രിയിലെ പ്രധാന ഡോക്ടർമാർ.
നാളെ രാവിലെ 9.30ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലനാണ് ആശുപത്രി ഉദ്‌ഘാടനം നിർവഹിക്കുന്നത്. ലാബിന്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡന്റ് മാധവൻ മണിയറയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ഫാർമസിയുടെ ഉദ്‌ഘാടനം ടി.വി ബാലൻ നിർവഹിക്കും. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബേക്കൽ ഡി വൈ എസ് പി സി.കെ സുനിൽ കുമാർ, കേരള സംഗീത നാടക അക്കാഡമി അംഗം രാജ്‌മോഹൻ നീലേശ്വരം അടക്കം വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേർ ആശുപത്രി ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും.
ആശുപത്രിയിൽ ഇപ്പോൾ ഒബ്‌സർവേഷൻ കൗണ്ടർ അടക്കം ഉണ്ടാവും. ഭാവിയിൽ കിടത്തി ചികിത്സ സൗകര്യം അടക്കം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുഞ്ഞിരാമൻ പറഞ്ഞു.