KeralaNEWS

യൂട്യൂബര്‍ ‘തൊപ്പി’ കസ്റ്റഡിയില്‍; വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ് എത്തിയതും ‘ലൈവി’ല്‍

കൊച്ചി: യൂട്യൂബര്‍ തൊപ്പി കസ്റ്റഡിയില്‍. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിന് തെറിപ്പാട്ടുപാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.

Signature-ad

വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ നാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു.

പോലീസുകാര്‍ ചവിട്ടിയതിനാല്‍ വാതില്‍ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് താക്കോല്‍ പോലീസുകാര്‍ക്ക് നല്‍കി. വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ചവിട്ടി പൊളിക്കുകയായിരുന്നു. അതുവഴി തൊപ്പിയെ ഇറക്കിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഹാര്‍ഡ് ഡിസ്‌ക്, കംപ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

 

 

Back to top button
error: