KeralaNEWS

ക്യാമറ വിവാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി; പ്രതിപക്ഷത്തിന് പ്രശംസ

കൊച്ചി: എ.ഐ. ക്യാമറ വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് തിരിച്ചടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസര നല്‍കി. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. ഇതുപ്രകാരം ഇനി കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.

ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഹൈക്കോടതി ഇതിനായി രണ്ടാഴ്ചവരെയാണ് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Signature-ad

സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.

Back to top button
error: