LocalNEWS

വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയിൽ തുടക്കം; ലോകത്തെ മാറ്റിമറിച്ചത് പുസ്തകങ്ങൾ: ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്

കോട്ടയം: വായനപക്ഷാചരണത്തിന് ജില്ലയിൽ തുടക്കം. വായനദിനത്തിൽ സ്‌കൂളുകളിലും കോളജുകളിലും വിദ്യാർഥികളും അധ്യാപകരും വായനദിന പ്രതിജ്ഞയെടുത്തു. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമുള്ള എഴുത്തുകളിൽ വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകളാണു കാണുന്നതെങ്കിൽ ഓരോ പുസ്തകവും ഓരോ ജീവിതമാണ് കാണിച്ചുതരുന്നതെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു. ലോകത്തെ മാറ്റിമറിച്ചത് ആയുധങ്ങളോ നേതാക്കളോ അല്ലെന്നും പുസ്തകങ്ങളാണെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനാണ് നമ്മൾ ഓരോന്നും ആചരിക്കുന്നത്. വായനയെ തിരിച്ചുപിടിക്കാനാണ് വായനപക്ഷാചരണമായി നടത്തുന്നതെന്നും ചീഫ് വിപ്പ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വായനദിന സന്ദേശം നൽകി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസ്സി ഷാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്ജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. പി.എച്ച്. ഷൈലജ, സെന്റ് ഡൊമനിക് എച്ച്.എസ്. ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ കലാപരിപാടികളും എസ്.പി.സി. യൂണിറ്റിന്റെ അഭിവാദ്യപരേഡും അരങ്ങേറി.

Signature-ad

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ഉത്തനവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ എന്നിവർ സംയുക്തമായാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. വായന പക്ഷാചരണ കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പദമത്സരം, അക്ഷരശ്ലോകം, ക്വിസ്, പ്രസംഗം, ചിത്രരചന, കഥാകഥനം മത്സരങ്ങൾ, വായനക്കളരി, പുസ്തകപരിചയം, സെമിനാറുകൾ, ഗ്രന്ഥകാരന്മാരുമായി സംവാദം, ഡിജിറ്റൽ വായന പരിശീലനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്‌കൂളുകളിലെ ലൈബ്രറികൾ വിപുലപ്പെടുത്താനായി ‘ഒരു പുസ്തകം സംഭാവന ചെയ്യൂ’ പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. വായനദിന പരിപാടികളിൽ ലഹരി-മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനും പ്രാമുഖ്യം നൽകും.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറികളിൽ രണ്ടാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ദിവസവും അനുസ്മരണം അടക്കമുള്ള പരിപാടികൾ നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജുകളിൽ പക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കും. സാക്ഷരത മിഷന്റെ നേതൃത്വത്തിൽ തുടർവിദ്യാകേന്ദ്രങ്ങളിൽ വായനദിനാഘോഷം നടക്കും. തുല്യത പഠിതാക്കൾക്കായി വിവിധ മത്സരങ്ങൾ നടക്കും. തുല്യതപഠനകേന്ദ്രങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ്, അക്ഷരശ്ലോകം മത്സരങ്ങളും വായനക്കളരികളും സംഘടിപ്പിക്കും.

Back to top button
error: