IndiaNEWS

തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ വാക്കേറ്റം; ഇടപെട്ട കലക്ടറെ തള്ളിയിട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വെച്ച് വാക്കേറ്റമുണ്ടായി. രാമനാഥപുരത്തു സര്‍ക്കാര്‍ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയുമാണ് കൊമ്പുകോര്‍ത്തത്. തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ ശ്രമിച്ച ജില്ലാ കലക്ടറെ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തില്‍ കലക്ടറെ തള്ളിയിട്ടതില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നാലെ കലക്ടര്‍ക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍, മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ഏക എംപിയാണ് നവാസ് കനി. ഡിഎംകെ പിന്തുണയോടെയാണ് നവാസ് കനി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ മികച്ച വിജയം നേടിയവരെ ആദരിക്കുന്ന പരിപാടിക്കിടെയാണ് സംഭവം. മന്ത്രിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം പരിപാടി സ്ഥലത്ത് നേരത്തേയെത്തി. പിന്നാലെ പരിപാടി തുടങ്ങാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി പറഞ്ഞത് അനുസരിച്ച് കലക്ടര്‍ പരിപാടി തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

Signature-ad

എന്നാല്‍, അല്‍പ്പം വൈകിയാണ് പരിപാടി സ്ഥലത്തേക്ക് എംപി എത്തിയത്. അപ്പോഴേക്കും പരിപാടി തുടങ്ങിയത് കണ്ട് എംപി കുപിതനായി. പിന്നാലെ എംപിയും മന്ത്രിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം കൊമ്പുകോര്‍ത്തു. ഇതിനിടയില്‍ മന്ത്രിയെയും എംപിയെയും അനുനയിപ്പിക്കാന്‍ ശ്രമിച്ച കലക്ടറെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തള്ളി താഴെയിട്ടത്. നിലതെറ്റിയ ജില്ലാ കളക്ടര്‍ നിലത്തുവീഴുകയായിരുന്നു.

 

Back to top button
error: