ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജുമാ ഗുണ്ഡ് മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് എ.ഡി.ജി.പി. അറിയിച്ചു. ഏത് രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞദിവസം പൂഞ്ചിലും സൈന്യം നുഴഞ്ഞുകയറ്റ ശ്രമം അട്ടിമറിച്ചിരുന്നു. ഇവിടെനിന്ന് വലിയ തോതില്‍ ആയുധങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഫെബ്രുവരി മുതല്‍ പത്തോളം വലിയ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച സൈന്യത്തിന്റെയും പോലീസിന്റേയും സംയുക്ത ഓപ്പറേഷനില്‍ രണ്ടുഭീകരരെ കുപ്വാരയില്‍ വധിച്ചിരുന്നു. ദൊബാനാര്‍ മച്ചാല്‍ മേഖയിലായിരുന്നു അന്ന് ഭീകരരെ വധിച്ചത്.