മറ്റു വേനല്‍ക്കാല വെള്ളരിവിളകളെ പോലെത്തന്നെ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയാണ് ഷമാം.ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഷമാം കൃഷിക്ക് അനുയോജ്യം.
വേനൽക്കാലത്ത് തണ്ണിമത്തൻ കഴിഞ്ഞാൽ ഏറെ പ്രിയമുള്ള ഒന്നാണ് ഷമാം.തണ്ണിമത്തൻ പോലെത്തന്നെ പോഷക കലവറയാണ് ഷാമാമും. 90 ശതമാനത്തിനു മുകളിൽ ജലാംശമുള്ള ഇതിന്റെ കായ്കളിൽ ജീവകം സി, ജീവകം എ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാഗ്നീഷ്യം, സിങ്ക് മുതലായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരിയായ കൃഷി പരിപാലനമുറകളിലൂടെ തണ്ണിമത്തൻപോലെ കർഷകർക്ക് നല്ല ആദായംനൽകുന്ന മറ്റൊരു വിളകൂടിയാണ് ഷമാം.
ഉത്തരേന്ത്യൻ നാടുകളിൽ വളരെ സുപരിചിതമാണെങ്കിലും ഇവ കേരളത്തിൽ അത്ര പ്രചാരത്തിലായിട്ടില്ല. ഗൾഫ് നാടുകളിലെ പഴം എന്ന നിലയ്ക്കാണ് ഷമാം അഥവാ മസ്ക് മെലോൺ അറിയപ്പെടുന്നത്.മലയാളത്തിൽ തൈക്കുമ്പളം എന്ന് ഇതറിയപ്പെടുന്നു.
നല്ലൊരു വേനൽക്കാലവിളയായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും നീർവാർച്ചയുള്ള തുറസ്സായ പറമ്പുകളിലും പുഴയോരങ്ങളിലും കൃഷിചെയ്തെടുക്കാം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃഷിയിറക്കിത്തുടങ്ങിയാൽ മാർച്ച് മുതൽ വിളവെടുക്കാം.