KeralaNEWS

ആലപ്പുഴ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ്; രണ്ടു മരണങ്ങൾ

ആലപ്പുഴ:മഴ തുടങ്ങിയതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ്. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്‌1 എന്‍1 പനിബാധിച്ച 17 കേസുകളും എച്ച്‌1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യമായ പ്രതിരോധ ശീലങ്ങള്‍ പാലിക്കണം. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മൂടണം. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. പനിയുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്.എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യ സ്ഥാപനത്തില്‍ എത്തി ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

Back to top button
error: