തിരുവനന്തപുരം:കേരളത്തില്‍ ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തിയില്ലെങ്കില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് അനുമതി നല്‍കില്ലെന്ന ദേശീയ നഴ്സിംഗ് കൗണ്‍സിലിംഗിൻ്റെ തീരുമാനം സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു.
ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് പ്രവേശനപരീക്ഷ വേണ്ടെന്നും മുൻവർഷത്തെ പ്രവേശനരീതി തന്നെ തുടരാമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റേതാണ് തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.പ്രവേശനപരീക്ഷ ഇല്ലാത്തതിനാൽ ഹയർസെക്കൻഡറി ഫലം പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തെ പ്രവേശനനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായ പരിഹാരം കാണണമെന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗം എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കണ്‍വീനര്‍ ഫസീല പി എ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, മെഡിക്കല്‍ ഫ്രറ്റേണ്‍സ് അസിസ്റ്റന്റ് കണ്‍വീനര്‍മാരായ അഹ്സൻ, സര്‍ബാസ്, അദീബ തുടങ്ങിയവര്‍ സംസാരിച്ചു.