KeralaNEWS

ശമ്പള പരിഷ്‌കരണം വൈകുന്നു; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ യൂണിയനുകളുടെ പങ്കാളിത്തത്തില്‍ ഈ മാസം 30-നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം.

പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്ടകരണത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്റെ വാദം. ശമ്പള വര്‍ദ്ധനവ് ഫയല്‍ അംഗീകരിച്ചതായി കെഎസ്ബിസി ബോര്‍ഡ് 2021 ജൂണില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്തരണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചതെന്ന് കെഎസ്ബിസി പ്രസ്താവനയിലൂടെ അറിയിച്ചു. നടപടി വൈകിക്കുന്നത് വഴി ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ അറിയിച്ചു.

Signature-ad

പണിമുടക്കിന് മുന്നോടിയായി ജൂണ്‍ 20-ന് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

 

Back to top button
error: