KeralaNEWS

കൊച്ചിയിൽ വെസ്റ്റ് നൈല്‍ പനി; ഒരു മരണം

കൊച്ചി: ഡെങ്കിപ്പനിക്ക് പിന്നാലെ കൊച്ചിയിൽ വെസ്റ്റ് നൈല്‍ പനിയും.വെസ്റ്റ് നൈൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ ഇവിടെ മരിച്ചിരുന്നു.
കുമ്ബളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്.പനി ബാധിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.എന്നാല്‍ രോഗം തീവ്രമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി.അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രിയില്‍ രക്തം തേടുന്ന ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്നതാണ് വെസ്റ്റ് നൈല്‍ പനി.

എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ മൂലം ആദ്യത്തെ മരണമാണ്.ഏപ്രിലിലും എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

തലവേദന, പനി, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരില്‍ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് തുടങ്ങിയവക്കും സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് കൊച്ചിയിൽ മരിച്ചത്.

Back to top button
error: