
കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
ചൂര്‍ണിക്കര, വാഴക്കുളം, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്സ്പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
മേയ് അവസാന ആഴ്ച മുതല്‍ ഇതുവരെ ജില്ലയില്‍ ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി പടരുന്ന സാഹചര്യം മനസ്സിലാക്കി മേയ് 30-ന് തന്നെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും യോഗം വിളിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരും സ്ക്വാഡും വീടുകളില്‍ കയറി ബോധവത്കരണം നടത്തുന്നുണ്ട്.
മണിപ്ലാന്റിലും ടെറസിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് പലയിടത്തും കണ്ടെത്തി. അതുപോലെ തന്നെ മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതും കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്. ഹോട്ട്സ്പോട്ട് അല്ലെങ്കിലും കൊച്ചി കോര്‍പറേഷൻ പരിധിയിലെ ചില മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്.






