ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്.
പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒക്ടോബർ 29 മുതലുള്ള യാത്രകൾക്കായി ഇപ്പോൾ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ലോസ് ഏഞ്ചൽസിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.