പത്തനംതിട്ട: കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് വാഹനം തകര്‍ന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാണിക്ക് സമീപമാണ് അപകടം. കനത്ത മഴ തുടരുന്നതിനിടെ ഉച്ചയോടെ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.
തിരക്കേറിയ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. വലിയ പറമ്ബില്‍ പടിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് പഴയ കെട്ടിടത്തിന്റെ ഭിത്തി അടര്‍ന്നു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റും ലൈനുകളും തകര്‍ത്താണ് കെട്ടിടഭാഗങ്ങള്‍ കാറിന്റെ മുകളിലേക്ക് പതിച്ചത്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദീലിപിന്റേതാണ് കാര്‍.
ഉടമ കാര്‍ പാര്‍ക്ക് ചെയ്ത പുറത്തിറങ്ങിയ ഉടനെയാണ് മണ്ണിടിഞ്ഞു വീണത്. കെട്ടിടം ഇടിഞ്ഞു വീഴുമ്പോള്‍ മറ്റ് വാഹനങ്ങളോ യാത്രക്കാരോ റോഡില്‍ ഉണ്ടാകാതിരുന്നതും കൂടുതല്‍ അപകടം ഒഴിവാക്കാന്‍ കാരണമായി. പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികള്‍ നടന്നു വരികയായിരുന്നു. അപകടരമായ രീതിയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ വേണ്ടത്ര മുന്‍കരുതലോ സുരക്ഷിതത്വമോ എടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറെ ദിവസങ്ങളായി പൊളിച്ചു നീക്കി കൊണ്ടിരുന്നത് രണ്ടു ദിവസമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ പൊളിച്ച ഭാഗങ്ങളുടെ ബാക്കി ഇപ്പോഴും അതേ രീതിയില്‍ നില നിര്‍ത്തിയിരിക്കുന്നത് അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്. കാലപ്പഴക്കവും മേല്‍ക്കൂര പോയതോടെ മഴയില്‍ കുതിര്‍ന്നതുമാണ് അപകടത്തിനു കാരണമായി പറയുന്നത്. പഞ്ചായത്ത് അധികൃതരുടെ അടിയന്തിരമായി ഇടപെടല്‍ ഉണ്ടാവണമെന്നും വേണ്ട മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന പാത ഓരത്തു് കെട്ടിടം പൊളിക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയിരുന്നു എന്ന് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.