കൊല്ലം: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജി(39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. കൊല്ലം-ചെങ്കോട്ട പാതയില്‍ എഴുകോണ്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നാണ് യുവാവ് ഉറങ്ങിയത്.
കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ.ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്. വേഗം കുറവായതിനാല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍നിന്നു പിടിച്ചുമാറ്റി. സംഭവം അറിഞ്ഞ് എത്തിയ എഴുകോണ്‍ പോലീസിന് ഇയാളെ കൈമാറി. തുടര്‍ന്ന് ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി.
യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ പാളത്തിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ ഈ ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറച്ചുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.