ഇടുക്കി: കാർ നിയന്ത്രണം വിട്ട് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. കാറോടിച്ചിരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശി ജോസഫ് ജോൺ (50) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ 7.30നായിരുന്നു അപകടം. കുളമാവ് എസ്.ഐ നസീറും സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് ജോസഫ് ജോൺ പറയുന്നു.
‘മുത്തിയുരുണ്ടയാർ കഴിഞ്ഞ് കുളമാവിലേക്കു വരുന്ന വഴിയായിരുന്നു. കുളമാവ് വനത്തിനു സമീപം വളവിൽ ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ വാഹനം നിയന്ത്രണം വിട്ടു പുല്ലിൽക്കയറി. മഞ്ഞുവീണു തെന്നിക്കിടക്കുകയായിരുന്നു. റോഡിൽ നിന്നു മാറിയ വാഹനം മറിയാൻ തുടങ്ങി. വണ്ടി എവിടെയെങ്കിലും ഒന്നു തട്ടിനിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. നൂറടി താഴെച്ചെന്നാണ് നിന്നത്.
ഇതിനിടെ കാർ മൂന്നോ നാലോ തവണ മറിഞ്ഞത് ഓർമയുണ്ട്. വണ്ടിയിൽ നിന്നിറങ്ങി റോഡിലെത്തിയപ്പോൾ കുളമാവ് പൊലീസിനെ കണ്ടു. ജനവാസം ഇല്ലാത്ത സ്ഥലമാണ്. പരുക്കു പറ്റിയിരുന്നെങ്കിൽ അപകടം വിവരം പുറംലോകം അറിയില്ലായിരുന്നു. വളവിൽ വാഹനത്തിന്റെ വേഗം കുറയ്ക്കാനാണ് ബ്രേക്ക് ചെയ്തത്. കാറിന്റെ ടയർ പഞ്ചറായതാണ് തെന്നി മാറാൻ കാരണമെന്നു കരുതുന്നു.’