പത്തനംതിട്ട: ജീവിത മാര്‍ഗമായിരുന്ന 4 പശുക്കള്‍ മിന്നലേറ്റ് ചത്തതിനെത്തുടര്‍ന്ന് സങ്കടത്തിലായ കുടുംബത്തിന് ക്ഷീര വികസന വകുപ്പ് ജീവനക്കാര്‍ കറവപ്പശുവിനെ വാങ്ങി നല്‍കി.അടൂർ ഏറത്താണ് സംഭവം.
പശുക്കള്‍ ചത്തതോടെ വരുമാനം നിലച്ച കുടുംബത്തിനാണ് ജില്ലയിലെ ക്ഷീര വികസന വകുപ്പ് ജീവനക്കാര്‍ കൈത്താങ്ങായത്.പശുവിനെയും കിടാരിയെയും മന്ത്രി വീണാ ജോര്‍ജ് കര്‍ഷകനായ മാത്യുവിനും ഭാര്യ ലാലി പി.ജോണിനും കൈമാറി. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരില്‍നിന്ന് സ്വരൂപിച്ച 63000 രൂപ ചെലവിട്ടാണ് പശുവിനെ വാങ്ങിയത്.
അടൂർ ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടില്‍ മാത്യുവിന്റെ പശുക്കള്‍ കഴിഞ്ഞ മാസം 17ന് ആണ് മിന്നലേറ്റ് ചത്തത്. തൊഴുത്തില്‍ കെട്ടിയിരുന്ന 2 കറവപ്പശുക്കളും ഗര്‍ഭാവസ്ഥയിലുള്ള 2 പശുക്കളുമാണ് ചത്തത്. കഴിഞ്ഞ 9 വര്‍ഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിക്കുന്നത്.