കൊല്ലം: കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ളയുടെ സ്ഥാനം തെറിച്ചു. കഴിഞ്ഞ ദിവസം ഭരണിക്കാവിൽ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി കുന്നത്തൂർ കിഴക്ക് 355-ാം നമ്പർ കരയോഗം പ്രസിഡന്റു കൂടിയായ കാരയ്ക്കാട്ട് അനിൽ ചുമതലയേറ്റ ചടങ്ങിലാണ് കെ.ആർ ശിവസുതൻ പിള്ള പങ്കെടുത്തത്. ചടങ്ങിൽ ആശംസ അർപ്പിക്കാൻ അദ്ദേഹത്തെ അധ്യക്ഷൻ ക്ഷണിച്ചെങ്കിലും ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നേതാക്കൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും പത്രവാർത്തകളും ചില രാഷ്ട്രീയ പാർട്ടിക്കാർ പരാതിയായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് അയച്ചു കൊടുത്തു. തുടർന്ന്
എൻഎസ്എസ് ജനറൽ സെക്രട്ടറി ശിവസുതൻ പിള്ളയോട് നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ(ശനി) ഭരണ സമിതി അംഗങ്ങൾക്കൊപ്പം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനെത്തെത്തി ജനറൽ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു.
ഒരു വർഷം മുമ്പാണ് കെ.ആർ ശിവസുതൻ പിള്ള പ്രസിഡന്റായുള്ള ഭരണ സമിതി കടുത്ത മത്സരത്തിനൊടുവിൽ യൂണിയൻ ഭരണം പിടിച്ചെടുത്തത്. ചുരുങ്ങിയ നാളുകൾ കൊണ്ട് മികച്ച പ്രസിഡന്റ് എന്ന ഖ്യാതിയും അദ്ദേഹം നേടിയെടുത്തിരുന്നു. അതിനിടെ പത്തനാപുരം യൂണിയൻ പ്രസിഡന്റായ കെ.ബി ഗണേഷ്കുമാർ എംഎൽഎ രാഷ്ട്രീയ നേതാവല്ലേയെന്നും എൽഡിഎഫ് പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായിട്ടും നടപടിയെടുക്കാത്ത നേതൃത്വം ശിവൻസുതൻ പിള്ളയ്ക്കെതിരെ മാത്രം വാളോങ്ങുന്നത് എൻഎസ്എസ് ലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.