കോഴിക്കോട്: കോണ്‍ഗ്രസിലെ പുന: സംഘടനയെ ചൊല്ലി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസില്‍ മുന്‍പും ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെന്നും പാര്‍ട്ടി നേതാവും എംപിയുമായ കെ മുരളീധരന്‍. ഹൈക്കമാന്‍ഡില്‍ ചെന്ന് പരാതി പറയാനുള്ള അവകാശം എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടെന്നും മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഫൈനല്‍ അതോറിറ്റി എല്ലാ സന്ദര്‍ഭങ്ങളിലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പിസിസി പ്രസിഡന്റുമാണ്. അതില്‍ ഒരുമാറ്റം ഉണ്ടായത് വയലാര്‍ രവി പിസിസി പ്രസിഡന്റും എകെ ആന്റണി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായപ്പോഴുമാണ്. അന്ന് ലീഡര്‍ കെ കരുണാകരനെ കൂടി ഒപ്പമിരുത്തിയാണ് തീരുമാനം എടുത്തത്. തെന്നല ബാലകൃഷ്പിള്ളയുടെ കാലത്തും ഇങ്ങനെയായിരുന്നു. അതില്‍ അത്ഭുതില്ല. അതൊരു പാര്‍ട്ടിയുടെ കീഴ്വഴക്കമാണ് മുരളീധരന്‍ പറഞ്ഞു.
ഇതിലൊന്നും പൊട്ടിത്തെറിക്കേണ്ട ആവശ്യമില്ല. ജനം കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ തയ്യാറാണ്. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് തലവേദനയില്ല. സിറ്റിങ് എംപിമാരോട് മത്സരിക്കാനാണ് പറഞ്ഞിട്ടുള്ളത്. സ്വയം മാറുന്നവരുടെ സ്ഥാനത്ത് പകരം നോക്കിയാല്‍ മതി. പിന്നെ എന്തിനാണ് ബഹളം വയ്ക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
”ഫ്രാക്ഷന്‍ യോഗം ചേര്‍ന്നത് ശരിയോ തെറ്റോ ആണെന്ന് ഞാന്‍ പറയുന്നില്ല. ഇവരൊക്കെ സീനിയര്‍ നേതാക്കളാണ്. അവരെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. പരസ്യപ്രസ്താവന നല്ലതാണോയെന്നുള്ളത് അവര്‍ തന്നെ തീരുമാനിക്കട്ടെ. ഞാന്‍ എംഎല്‍എയായിരിക്കുമ്പോള്‍ എന്റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റിനെ ഞാന്‍ പത്രം വായിച്ചട്ടാണ് അറിഞ്ഞത്. എല്ലാ കാലത്തും ഇങ്ങനെയായിരുന്നു”- മുരളീധരന്‍ പറഞ്ഞു.
”വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ഒരു ബഹളത്തിലേക്ക് പോയാല്‍ ഞാനുള്‍പ്പടെ ഉണ്ടാക്കിയ പ്രവൃത്തിയുടെ ഫലമായി 2004 ഉണ്ടായ അനുഭവം എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടായി അത് ആസ്വദിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. 2024 ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകും. അത് ആസ്വദിക്കാന്‍ പൂര്‍ണമായി കോണ്‍ഗ്രസിന് കഴിയണം. അതിന് പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. ഏതായാലും വെച്ച ഒരു ബ്ലോക്ക് പ്രസിഡന്റിനെയും മാറ്റാനാവില്ല. മണ്ഡലം പ്രസിഡന്റിനെ വെക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ച നടത്താം”- അദ്ദേഹം വ്യക്തമാക്കി.
”പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയാണ്. ഇവര്‍ കട്ടുമുടിക്കുമ്പോള്‍ ഒരന്വേഷണവും ഇല്ല. ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രമാണ് ഇത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ പേടിക്കില്ല. വിഡി സതീശനെ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. അതേസമയം ഈ സര്‍ക്കാരിലെ പലരും ഭാവിയില്‍ അഴിയെണ്ണേണ്ടി വരും” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.