KeralaNEWS

മഴക്കാലം തുടങ്ങി, പാമ്പിനെ സൂക്ഷിക്കണം: പാമ്പിനെ തുരത്താൻ ചില സൂത്രങ്ങൾ; ഒപ്പം പെരുകുന്ന റോഡ് അപകടങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മുന്നറിയിപ്പുകളും

   മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം വർദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാന കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള,  ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നത് പതിവ് സംഭവമാണ്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ള വീട്ടുകാർ പാമ്പിന്റെ കാര്യത്തിൽ ഏറെ ജാ​ഗ്രത പുലർത്തണം.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ, പ്രത്യേകിച്ച് ഷൂ പോലുള്ളവ ധരിക്കുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്തെ മുറിയിൽ  സൂക്ഷിക്കുന്നതാണ് നല്ലത്.

പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ.

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

  സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

മഴക്കാലത്ത് കൂടുതല്‍ കരുതല്‍

റോഡപകടങ്ങള്‍ സാധാരണ സംഭവമാണെങ്കിലും മഴക്കാലത്ത് അപകട സാധ്യത വര്‍ധിക്കുന്നു. മഴ മൂലം നനഞ്ഞ റോഡുകളും മുന്നിലെ കാഴ്ചകള്‍ ദൃശ്യപരമല്ലാത്തതുമാണ് കൂടുതലും അപകടത്തിന് വഴിവെക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് അപകടങ്ങള്‍ മഴക്കാലത്ത് മാത്രം സംഭവിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നവയാണ്. അവബോധമില്ലായ്മയാണ് അപകടങ്ങളുടെ പ്രധാന കാരണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിത വേഗത ഒഴിവാക്കുക എന്നതാണ് പ്രധാന കാര്യം. പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് തന്നെ യാത്ര ആരംഭിച്ച് സുരക്ഷിതമായി ഓടിക്കുന്നതാണ് നല്ലത്.

റോഡിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുക. മറ്റുള്ളവരിലേക്ക് വെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല ഇതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍ പെടാനും സാധ്യതയുണ്ട്.

മഴക്കാലം കൂടുതല്‍ ശക്തമാകുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകള്‍ പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകളും കാലപ്പഴക്കമുള്ള ടയറുകളും അപകടം ക്ഷണിച്ചു വരുത്തും. വാഹനം നിയന്ത്രണം വിട്ട് തെന്നിമാറാനും ബ്രേക് പ്രവര്‍ത്തിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഇരുചക്രവാഹനങ്ങള്‍ വലിയ വാഹനത്തിന് സമീപം ഓടുന്നത് അപകടകരമാണ്, പ്രത്യേകിച്ച് മഴയുള്ളപ്പോള്‍. കൂടാതെ, ബ്ലൈന്‍ഡ് സ്‌പോട് പ്രതിഭാസം കാരണം വലിയ വാഹനത്തിലെ ഡ്രൈവര്‍ക്ക് ചെറിയ വാഹനം കാണാന്‍ പോലും കഴിയില്ല. ഡ്രൈവര്‍ക്ക് നേരിട്ടോ കണ്ണാടിയിലൂടെയോ കാണാന്‍ കഴിയാത്ത വാഹനത്തിന് ചുറ്റുമുള്ള ഭാഗങ്ങളാണ് ബ്ലൈന്‍ഡ് സ്‌പോട്.

മോട്ടോര്‍ സൈക്കിളില്‍ കുട ചൂടി യാത്ര ചെയ്യുന്നത് ആത്മഹത്യാപരമാണ്. കാറ്റില്‍ റോഡിലേക്ക് തെറിച്ചുവീഴാനുള്ള സാധ്യത ഏറെയാണ്.

കേരള പൊലീസ് പങ്കുവെച്ച നിര്‍ദേശങ്ങള്‍

1. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

2. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേകിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

3. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

4. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

5. വാഹനത്തിന്റെ ബ്രേക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.

6. ഹെഡ്ലൈറ്റ്, ബ്രേക് ലൈറ്റ്, ഇന്‍ഡികേറ്ററുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

7. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേകിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം.
വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക് ഉപയോഗം കുറയ്ക്കാനും കഴിയും.

8. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

9. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.

10. ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Back to top button
error: