പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാസര്‍കോട്ടെ യുവ ബിസിനസുകാരൻ മുഹമ്മദ് ഹഫീസിന് ഗോവയിലെ പോണ്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മഫ്തിയിലെത്തിയ ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബെംഗ്‌ളൂറില്‍ നിന്ന് മുഹമ്മദ് ഹഫീസിനെ കസ്റ്റഡിയിലെടുത്തത്. ഹഫീസിനെ കര്‍ണാടകയില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഗോവയില്‍ പരാതി നല്‍കി ഭാര്യാവീട്ടുകാര്‍ കേസില്‍ അകപ്പെടുത്തിയതെന്ന് ഹഫീസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കേസായത് കൊണ്ടാണ് കര്‍ണാടകയില്‍ പൊലീസ് പരാതി തള്ളിയതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
യു.എ.ഇയില്‍ സ്‌കൂളുകളും കണ്‍സ്ട്രക്ഷന്‍ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്ന് 2018 ജൂലൈയ്ക്കും 2022 മാര്‍ച്ചിനും ഇടയില്‍ മുഹമ്മദ് ഹഫീസ് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേരളത്തിലെ കേസ്. ഗോവയിലെ ആദായനികുതി വകുപ്പ് ചീഫ് കമീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയെന്ന പരാതിയിലാണ് ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ അറസ്റ്റ് ചെയ്ത് ഗോവയിൽ എത്തിച്ചത്.
എറണാകുളം മരടിലെയും ബെംഗ്ളൂറിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണത്രേ ഹാഫിസ് പണം കൈക്കലാക്കിയത്. ഇതിനായി വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ രേഖകൾ എന്നിവ ഉണ്ടാക്കിയെന്നാണ് ആരോപണം.
2022 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പൊലീസിൽ ലാഹിർ പരാതി നൽകിയത്. 108 കോടി രൂപയും സ്വർണാഭരണവും തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നീട് അന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ചെന്ന കുറ്റത്തിന് എറണാകുളം ജില്ലയിലെ അക്ഷയ് എന്നയാളും കേസിൽ പ്രതിയാണ്. ഇതിനിടെയാണ് ഗോവയിലെ കേസിൽ ഇപ്പോൾ ഹഫീസ് അറസ്റ്റിലായിരിക്കുന്നത്.
ഉപാധികളോടെ 30,000 രൂപയുടെ ബോണ്ടും തുല്യമായ ആള്‍ ജാമ്യത്തിലുമാണ് ഹഫീസിന് ജാമ്യം നല്‍കിയത്. ഇതുകൂടാതെ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും രാജ്യം വിടരുതെന്നും അടക്കമുള്ള വ്യവസ്ഥകള്‍ അനുസരിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നരൈന്‍ ചിമുല്‍കര്‍ ആണ് കേസ് അന്വേഷിക്കുന്നത്