KeralaNEWS

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; നേരിട്ട് ഹാജരാകാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് കോടതി 

കാസർകോട്:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നേരിട്ട് ഹാജരാകാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് കോടതി.
കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് സുരേന്ദ്രന് നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്.

കെ സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ക്കും നോടീസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കോടതി നിര്‍ദേശ പ്രകാരം സുരേന്ദ്രനുള്‍പെടെ മുഴുവന്‍ പ്രതികളും ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചത്.
ഓഗസ്റ്റ് അഞ്ചിന് കേസ് ജില്ലാ കോടതി വീണ്ടും പരിഗണിക്കും.കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Back to top button
error: