KeralaNEWS

‘പല്ല് പൊടിയുന്ന നടന്‍’ ആര്? ടിനി ടോമിന്‍റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ നടൻ ടിനി ടോമിൻറെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ടിനി ടോം എക്സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണൻ.

“ഈ ഏജൻസി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാൻ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാൻ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥർ എന്തുകൊണ്ട് ടിനി ടോമിൻറെ മൊഴി ഇതുവരെ എടുത്തില്ല? (ഒരു നടൻറെ) പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആയി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാൻഡ് അംബാസിഡറോട്? ആരാണിതെന്ന് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോൾ അതിന് ഉത്തരവാദിത്തം വേണം”, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Signature-ad

കഴിഞ്ഞ മാസം അമ്പലപ്പുഴയിൽ നടന്ന കേരള സർവകലശാല യൂണിയൻ യുവജനോത്സവ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ ആയിരുന്നു ടിനി ടോമിൻറെ പരാമർശം. “ഒരു മകനേ എനിക്കുള്ളൂ. ഭയം കാരണം സിനിമയിൽ വിട്ടില്ല. എനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണ്. ആ നടൻറെ പല്ല് പൊടിഞ്ഞ് തുടങ്ങി”, ടിനി പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.

Back to top button
error: