മലപ്പുറം: നിലമ്പൂരില്‍ 12 വയസുകാരനെ കെട്ടിടത്തിന് മുകളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മിനര്‍പ്പടിയിലെ കെട്ടിടത്തിന് മുകളിലാണ് ഏഴാം ക്ലാസുകാരനെ കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയില്‍ മാലിന്യം കൂട്ടിയിടുന്ന ഭാഗത്ത് കൈകള്‍ പിന്നില്‍ കെട്ടി കമഴ്ത്തിയിട്ട നിലയിലാണ് കുട്ടി ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരന്‍ ഈ ഭാഗത്തുനിന്നു കുട്ടിയുടെ ഞരക്കം പോലെ ചെറിയ ശബ്ദം കേട്ടതോടെ പോയി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കുട്ടിയുടെ കയ്യിലെ കെട്ടഴിച്ചു ഉടന്‍തന്നെ താഴെ എത്തിച്ചു. ഈ സമയം കുട്ടി അവശനായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു.
സമീപത്തുനിന്ന് കുട്ടിയുടെ ബാഗും ചെരിപ്പും കണ്ടെത്തി. സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ കെട്ടിടത്തിനു സമീപത്തെ സിസി ടിവികള്‍ പരിശോധിച്ചു വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടിയെ എന്തിനാണ് കെട്ടിടത്തിനു മുകളില്‍ എത്തിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.