NEWSSocial Media

അഡാര്‍ ലൗവിലെ കണ്ണിറുക്കലിനെ ചൊല്ലി ഏറ്റുമുട്ടി പ്രിയ വാര്യരും ഒമര്‍ ലുലുവും; കൈയ്യില്‍ നിന്ന് ഇട്ടതെന്ന് നടി, കുട്ടി മറന്നതാകുമെന്ന് സംവിധായകന്‍

കൊച്ചി: അഡാര്‍ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും തമ്മില്‍ പോര്. പേര്‍ളി മാണിയുമായുളള അഭിമുഖത്തില്‍ ഈ നമ്പര്‍ താന്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്.

എന്നാല്‍,  സംവിധായകനായ ഒമര്‍ ലുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് ഒമര്‍ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിയത്. അഡാര്‍ ലൗവില്‍ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കല്‍.

Signature-ad

അഞ്ച് വര്‍ഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമര്‍ ലുലു കുറിച്ചു.

അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേര്‍ളി ചോദിക്കുന്നു. എന്താ പറയുക, അഞ്ച് വര്‍ഷമായി എന്ന് നടിയുടെ മറുപടി. അത് സംവിധായകന്റെ ഇന്‍പുട്ട് ആയിരുന്നോ അതോ പ്രിയയുടെ കൈയ്യില്‍ നിന്ന് ഇട്ടതായിരുന്നോ എന്ന് വീണ്ടും ചോദിക്കുമ്പോള്‍ ഞാന്‍ എന്റെ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന് ആയിരുന്നു പ്രിയയുടെ മറുപടി.

 

 

 

 

Back to top button
error: