ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാവിലെ മുതല്‍ കേരളത്തിലെ സര്‍വ്വത്ര മാധ്യമങ്ങളുടെയും പ്രധാന ടൈറ്റില്‍ എന്റെ മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റില്‍ തട്ടിതിരിഞ്ഞുള്ളതായിരുന്നു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേര്‍ന്ന് വെറുതെയങ്ങ് ജയിപ്പിച്ചു വിട്ടു, അങ്ങനെ ജയിപ്പിക്കാന്‍ അയാള്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തി, പരീക്ഷ ജയിക്കാന്‍ എളുപ്പ മാര്‍ഗ്ഗം എസ് എഫ് ഐ ആവുകയാണ് തുടങ്ങി സര്‍വ്വത്ര ഡയലോഗുകളും പടച്ചു വിട്ടു.
ഈ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെട്ട് ഏറെ വൈകിയാണ് എനിക്കിത് അറിയാന്‍ കഴിഞ്ഞത്. ഈ പ്രചരണം നടക്കുമ്ബോള്‍ ഇടമലക്കുടിയില്‍ എസ് എഫ് ഐ ക്യാമ്ബയിന്റെ ഭഗമായി പങ്കെടുക്കുകയായിരുന്നതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമായിരുന്നില്ല. വൈകിട്ട് തിരിച്ചുള്ള യാത്രയില്‍ വിവരം അറിയുമ്ബോഴേക്ക് ഈ പ്രചരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു.
സത്യം ചെരുപ്പണിയുമ്ബോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു.
ഈ വിഷയത്തില്‍ ഒന്നാമതായി 2020 ബാച്ചില്‍ ആണ് ഞാന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്ബോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഞാന്‍ ഇല്ല, സെമസ്റ്ററിലെ 5 വിഷയങ്ങളിലും ഞാന്‍ ആബ്സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബര്‍ മാസം 26 ന് ഉച്ച കഴിഞ്ഞ് 1.42 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതില്‍ കൃത്യമായി ഞാന്‍ പരീക്ഷ എഴുതിയിട്ടില്ല എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത മാര്‍ക്ക് ലിസ്റ്റ് അന്ന് മുതല്‍ ഈ നിമിഷം വരെ കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇന്നലെ രാവിലെ മുതല്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാര്‍ത്ഥികളുടെ റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലര്‍ പരീക്ഷ എഴുതേണ്ട ആളല്ല ഞാന്‍, അങ്ങനൊരു പരീക്ഷ എഴുതാന്‍ ഞാന്‍ ഫീസ് അടയ്ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രസ്തുത മാര്‍ക്ക് ലിസ്റ്റില്‍ ആണ് എന്റെ പേര് ഉണ്ട് എന്ന നിലയില്‍ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, സാങ്കേതിക പ്രശ്നം എന്ന നിലയില്‍ കോളേജ് പ്രിന്‍സിപ്പളും പ്രചരിപ്പിച്ചിട്ടുള്ളത്.
ഇതുപോലൊരു സാങ്കേതിക പ്രശ്നം മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്ബസ്സില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വരിക, അത് കെ എസ് യൂ പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുക, അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുക… അതത്രയും നിഷ്കളങ്കമാണെന്ന വിശ്വാസം തല്ക്കാലം എനിക്കില്ല.തുടർനടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം.