
2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് തിയറ്ററുകാരുമായുള്ള കരാർ ലംഘിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ തിയറ്റർ ഉടമകൾ സൂചനാ പണിമുടക്ക് നടത്തുകയാണ്. ഇതുപ്രകാരം നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിൽ നിന്ന് ഒരു ഡീൽ വന്നപ്പോൾ ദൈവാനുഗ്രഹമായാണ് താൻ കണ്ടതെന്ന് സോഷ്യൽ മീഡിയയിൽ ജൂഡ് കുറിച്ചു.
“തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിൻറെ ഒരു ഭാഗമാണ്. റിലീസിന് മുൻപുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു, ഞങ്ങളുടെ സ്നേഹിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. തിയറ്റർ ഉടമകളോടും പ്രേക്ഷകരോടും, നിങ്ങളാണ് യഥാർഥ നായകർ”, എന്നാണ് ജൂഡിൻറെ കുറിപ്പ്.
സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. 2018 സിനിമയുടെ നിർമ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റർ ഉടമകളുടെ ആക്ഷേപം. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ജൂൺ 7 ന് ആണ്. അതായത് തിയറ്റർ റിലീസിൻറെ 34-ാം ദിവസമാണ് ഒടിടി റിലീസ്. ഇതാണ് തിയറ്റർ ഉടമകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.






