കുവൈത്ത് സിറ്റി:46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്.ഇപ്പോൾ ഇതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് നിര്‍ദേശം നല്‍കിയതായുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ഒട്ടുമിക്ക റെസിഡൻസി പെര്‍മിറ്റുകളും ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
പുതിയ നിര്‍ദേശം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.റെസിഡൻസി പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
നിലവില്‍ ഭൂരിപക്ഷം കമ്ബനികളും അവരുടെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള റെസിഡൻസി പെര്‍മിറ്റുകളാണ് എടുക്കുന്നത്. തൊഴിലാളികളെ ആവശ്യമില്ലെങ്കില്‍ മാറ്റാനും ഒരുമിച്ച് മെഡിക്കല്‍ ഇൻഷുറൻസ് അടക്കുന്നതില്‍ നിന്ന് ഒഴിവാകാനും ഇത്തരത്തില്‍ ഒരുവര്‍ഷ പെര്‍മിറ്റാണ് കൂടുതല്‍ സൗകര്യമെന്ന് തൊഴില്‍ ഉടമകളും അഭിപ്രായപ്പെട്ടു.
അതേസമയം മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരുള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പ്രഫഷണല്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും സ്വകാര്യ മേഖലയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ക്കും ദീര്‍ഘകാല റെസിഡൻസി പെര്‍മിറ്റ് അനുവദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.