KeralaNEWS

കൊല്ലപ്പെട്ട പ്രഭാകരയുടെ  ദേഹത്ത് നിരവധി വെട്ടുകൾ, പുലര്‍ച്ചെ 2 മണിക്ക്  ബഹളം കേട്ടതായി മാതാവിന്റെ മൊഴി; കൊലയാളിയെന്ന് സംശയിക്കുന്ന അനുജൻ ജയറാം വലയിൽ

  മഞ്ചേശ്വരം: പ്രഭാകര നൊണ്ട (40) വെട്ടേറ്റ് കൊല്ലപ്പെട്ടത് അതിക്രൂരമയാണ് എന്ന് ഇന്‍ക്വസ്റ്റ് നടത്തിയ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ടിപി രജീഷ്. വയറിനും കഴുത്തിനും കൈക്കും പുറത്തുമായി നിരവധി വെട്ടുകള്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൊലക്ക് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ് പൊലീസിന്റെ സംശയം.

വീടിനോട് ചേര്‍ന്നുള്ള വിറകും അടക്കയും മറ്റും സൂക്ഷിക്കുന്ന ഷെഡിന് മുകളില്‍ കവുങ്ങിന്റെ തൂണ്‍ കെട്ടി അതിന് മുകളില്‍ പായ വിരിച്ചാണ് കുറേ കാലമായി പ്രഭാകര കിടന്നുറങ്ങിയിരുന്നത്. അതേസമയം, കൊലയാളിയെന്ന് സംശയിക്കുന്ന സഹോദരന്‍ ജയറാം നൊണ്ട 15 ദിവസമായി വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുള്ളൂ. വന്നാല്‍ തന്നെ കാര്‍ വീടിന് സമീപം പാര്‍ക് ചെയ്ത് അതിലാണ് ഉറങ്ങാറുണ്ടായിരുന്നത്.

75 വയസുള്ള ഇവരുടെ മാതാവ് ബേബി മാത്രമാണ് വീട്ടിലുള്ളത്. മക്കള്‍ രണ്ടുപേരും അവിവാഹിതരാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടിരുന്നതായി ബേബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ എട്ട് മണി കഴിഞ്ഞിട്ടും, വിറക് പുരയില്‍ കിടന്നുറങ്ങുന്ന പ്രഭാകര ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ മാതാവ് വിറകുപുരയുടെ താഴെ നിന്ന് ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് അയല്‍വാസിയായ സുധാകര ഷെട്ടിയോട് വിവരം പറഞ്ഞു. അയാളും മറ്റൊരാളും ചേര്‍ന്ന് വിറക് പുരയില്‍ കയറി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ പ്രഭാകരയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. മഞ്ചേശ്വരം സിഐ ടി.പി രജീഷ്, എസ്‌.ഐമാരായ അന്‍സാര്‍, നിഖില്‍, കാസര്‍കോട് ഡിവൈ.എസ്.പി പികെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, വി.വി മനോജ് തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൊല്ലപ്പെട്ട പ്രഭാകര മഞ്ചേശ്വരം ബായിക്കട്ടയിലെ ആസിഫ് വധക്കേസിലും കര്‍ണാടകയിലെയും മഞ്ചേശ്വരത്തെയും നിരവധി അക്രമ, അടിപിടി, കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. കൊലയാളിയെന്ന് സംശയിക്കുന്ന ജയറാം നൊണ്ട, ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ബാളിഗെ അസീസ് കൊല്ലപ്പെട്ട കേസിലും കര്‍ണാടകയിലെ ഒരു കൊലക്കേസിലും അടക്കം ഏഴോളം കേസുകളില്‍ പ്രതിയാണ്. ജയറാമിന്റെ ഫോണ്‍ പുലര്‍ച്ചെ 3.30 ന് സ്വിച്ച് ഓഫ് ആയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലില്‍ പ്രതി വലയിലായതായാണ് സൂചന.

ഇരുവരും തമ്മില്‍ മാസങ്ങളായി പരസ്പരം കൊലവിളിയും വെല്ലുവിളിയും നടത്തി വരികയായിരുന്നു. സ്വത്ത് സംബന്ധമായ പ്രശ്‌നവും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നു. ജയറാമിന് ഇത്തരത്തില്‍ ഒറ്റയ്ക്ക് കൊലപാതകം നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കൊല നടത്തിയ ആയുധങ്ങള്‍ ഉള്‍പെടെ കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. ഒരു ആള്‍ട്ടോ കാര്‍ വീടിന് സമീപത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തിയിട്ടുണ്ട്

Back to top button
error: