KeralaNEWS

സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം അയ്മനത്ത്

കോട്ടയം: ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ 10 ന് അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്കാരിക നിലയത്തിൽ നടക്കും. സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.

ഇതിനു മുന്നോടിയായി, കുട്ടികളിൽ ചെറുപ്രായത്തിൽത്തന്നെ പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, അയ്മനം പി.ജെ.എം. അപ്പർ പ്രൈമറി സ്കൂൾ അങ്കണത്തിൽ, വൈക്കം മുഹമ്മദ് ബഷീറിലൂടെ മലയാളിക്കു സുപരിചിതമായ മാങ്കോസ്റ്റിൻ മരം മന്ത്രി നടും. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാന ങ്ങളിലും താലൂക്കുതല ത്തിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സമാനരീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയും പ്രതീകാത്മകമായി മാങ്കോസ്റ്റിൻ മരം നടുകയും ചെയ്യും.

അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. പാർലമെൻ്റംഗം തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സൗരജ്യോതി വായ്പാ വിതരണം നടത്തി പരിസ്ഥിതി ദിന സന്ദേശം നൽകും. സഹകരണസംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ് പദ്ധതി വിശദീകരണം നടത്തും.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ വൃക്ഷത്തൈകളും അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പഠനോപകരണങ്ങളും അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്റ് കെ.കെ. ഭാനു അങ്കണവാടി യൂണിഫോമും വിതരണം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ സ്വാഗതം പറയും.

രാവിലെ 11 മുതൽ ‘നെറ്റ് സീറോ കാർബൺ എമിഷൻ: എന്ത്, എങ്ങനെ കൈവരിക്കാം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള കാർഷിക സർവകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ. പി.ഒ. നമീർ വിഷയാവതരണം നടത്തും. സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, സഹകരണസംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഭാനു എന്നിവർ പങ്കെടുത്തു.

Back to top button
error: