കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികൾക്ക് അവരുടെ വിസകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അവസരം. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ഫയലുകൾ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവർക്കായിരിക്കും ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് മാറാൻ അവസരം.
വിലാസങ്ങളിലെ അവ്യക്തത ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകൾ അധികൃതർ സസ്‍പെൻഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിസ മാറാനുള്ള അവസരം നൽകുന്നതെന്ന് അൽ അൻബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് നിശ്ചിത വ്യവസ്ഥകളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടപ്പെട്ട കമ്പനിയിൽ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളിൽ പ്രധാനം.
അതേസമയം ചെറുകിട – ഇടത്തരം സ്ഥാപനങ്ങളാണെങ്കിൽ അവിടെ മൂന്ന് വർഷമെങ്കിലും ജോലി ചെയ്ത പ്രവാസികൾക്ക് മാത്രമേ ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാൻ സാധിക്കൂ. എന്നാൽ നിബന്ധനകൾ സംബന്ധിച്ച് വ്യക്തതയില്ലാത്ത പക്ഷം തൊഴിലാളികൾക്ക് ഡിപ്‍പ്യൂട്ട്‍സ് ഡിപ്പാർട്ട്മെന്റിൽ അപേക്ഷ സമർപ്പിക്കാനാവും. ഓരോ അപേക്ഷയും പരിശോധിച്ച് അധികൃതർ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.