വിവാദമായ മറിയക്കുട്ടി കൊലക്കേസ് കുഞ്ചാക്കോയുടെ സംവിധാനത്തിൽ ‘മൈനത്തരുവി കൊലക്കേസ് ‘എന്ന പേരിൽ തീയേറ്ററുകളിലെത്തിയിട്ട് 56 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഒരേ വിഷയത്തെ ആസ്‌പദമാക്കിയുള്ള രണ്ട് ചിത്രങ്ങൾ ഒരാഴ്‌ചയുടെ വ്യത്യാസത്തിൽ റിലീസ് ചെയ്‌തത് 1967ൽ മലയാള സിനിമ കണ്ടു. യഥാർത്ഥ സംഭവമാണ് വിഷയം. കത്തോലിക്കാ പുരോഹിതൻ പ്രതിയായ മറിയക്കുട്ടി കൊലക്കേസ്…! പുരോഹിതനെ വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വെറുതെ വിടുകയും ചെയ്‌ത സംഭവം സിനിമയാക്കാൻ മത്സരിച്ചത് സാക്ഷാൽ കുഞ്ചാക്കോയും പിഎ തോമസ്സുമാണ്. ആദ്യം തിയറ്ററുകളിൽ എത്തിക്കുന്നതിൽ കുഞ്ചാക്കോ വിജയിച്ചു. അങ്ങനെ മൈനത്തരുവി കൊലക്കേസ് 1967 ജൂൺ രണ്ടിന് പ്രദർശനശാലകളിലെത്തി .
അതിനും ഒരു വർഷം മുൻപാണ് യഥാർത്ഥ സംഭവം. റാന്നിക്ക് സമീപം മാടത്തരുവിയിൽ വച്ച് മറിയക്കുട്ടി എന്ന വിധവ കൊല്ലപ്പെട്ടു. ഇരയുമായി അവിവിഹമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളം കൊലക്കേസിൽ പ്രതിയായി. കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താൽ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു.
സിനിമയായപ്പോൾ യാഥാർഥ്യത്തിൽ സങ്കൽപ്പങ്ങൾ കയറിക്കൂടി. മുതലാളിക്ക് (കൊട്ടാരക്കര) നായികയിൽ (ഷീല) കുഞ്ഞ് ജനിക്കുകയും അവകാശം ഉന്നയിക്കുകയും ചെയ്‌തപ്പോൾ അവളെ കൊന്ന് കുറ്റം പുരോഹിതന്റെ (സത്യൻ) തലയിൽ കെട്ടി വയ്ക്കുകയായിരുന്നു എന്ന് ‘മൈനത്തരുവി കൊലക്കേസ്’ പറഞ്ഞു. രചന എസ്.സി അപ്പൻ. നിർമ്മാണവും സംവിധാനവും കുഞ്ചാക്കോ. ഗാനവിഭാഗം വയലാർ- ദക്ഷിണാമൂർത്തി.
ഇതേ വിഷയത്തിലെ രണ്ടാമത്തെ ചിത്രം ‘മാടത്തരുവി’ നിർമ്മിച്ചതും സംവിധാനം ചെയ്‌തതും പിഎ തോമസാണ്. ജീസസ്, തോമാശ്ലീഹ, കായംകുളം കൊച്ചുണ്ണി മുതലായ ചിത്രങ്ങളുടെ സംവിധായകനാണദ്ദേഹം. ‘മാടത്തരുവി’യിൽ നായിക അഭിസാരികയാണ്. മുതലാളിയിൽ നിന്നും ഗർഭം ധരിച്ചപ്പോൾ ഒഴിവാക്കാൻ വേണ്ടി ചെയ്‌ത പാതകം പുരോഹിതന്റെ മേൽ ചാർത്തി. ജഗതി എൻ കെ ആചാരിയാണ് തിരക്കഥ. തിക്കുറിശ്ശി, കമലാദേവി, ഉഷാകുമാരി, അടൂർഭാസി മുഖ്യതാരങ്ങൾ. ഗാനവിഭാഗം പി ഭാസ്‌ക്കരൻ-ബിഎ ചിദംബരനാഥ്.
ഫാദർ ബെനഡിക്റ്റിനെ കോടതി വെറുതെ വിട്ടെങ്കിലും ചരിത്രം വെറുതെ വിട്ടില്ല. 2001 ൽ അദ്ദേഹം മരിച്ചപ്പോൾ മുതൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം സഭയുടെ ഭാഗത്ത് നിന്ന് ആരംഭിച്ചു. ഫാദർ ബെനഡിക്റ്റ് സംഭവം വിശദീകരിച്ച് ഒരു പുരോഹിതൻ എഴുതിയ പുസ്തകം അഗ്നിശുദ്ധി എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.