Movie

പ്രഭാസിന്റെ ‘ആദിപുരുഷ്’ ജൂണ്‍ 16 ന്, സവര്‍ക്കർ സിനിമ പണിപ്പുരയിൽ; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേയ്ക്ക്

പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള ഈ എപ്പിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവന്നിരിക്കുന്നു. ‘റാം സീതാ റാം’ എന്ന ഗാനമാണത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്ര ഗാഢമാമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തില്‍ തെളിഞ്ഞു കാണുന്നു

  സവര്‍ക്കർ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമ, ‘ദ ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചു. രാം ചരണും സുഹൃത്തായ യു.വി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയും സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വി മെഗാ പിക്‌ചേഴ്‌സാണ് പ്രഖ്യാപനം നടത്തിയത്. രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ (1905) ലണ്ടൻ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സവര്‍ക്കറുമായി ബന്ധമുണ്ട് ചിത്രത്തിന് എന്നാണ് സൂചന. പ്രേക്ഷകരെ ആ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നുമാണ് വിവരം. ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുള്ള ഒരു പ്രണയകഥയാണ് ഇതെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. കത്തുന്ന ഇന്ത്യാ ഹൗസിന്റെ നാടകീയമായ ചിത്രീകരണം വീഡിയോയിലുണ്ട്. പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിരഞ്ഞെടുത്ത വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സാണ് ‘ദ ഇന്ത്യ ഹൗസി’ന്റെ സഹനിര്‍മാതാവ്.

Signature-ad

     ബോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ബോളിവുഡ് അരങ്ങേറ്റത്തില്‍ റോഷന്‍ ഒരുക്കുക. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തില്‍ നായകനായെത്തുക. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഹിന്ദിയില്‍ സംഭാഷണം എഴുതുന്നത് ഹുസൈന്‍ ദലാല്‍. എന്നാല്‍ ഇത് സംബന്ധിച്ച് റോഷന്റെ പോസ്റ്റില്‍ സ്ഥിരീകരണം ഇല്ല. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Back to top button
error: