KeralaNEWS

മഴദൈവങ്ങൾ കാക്കുന്ന മലമുകളിലേക്ക് മഴക്കാലത്ത് ഒരു യാത്ര പോയാലോ ?

ഴക്കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി മടിപിടിച്ചു കിടക്കാതെ മഴ ആസ്വദിച്ചുകൊണ്ട് നമുക്ക് ഒരു യാത്ര പോയാലോ? മഴക്കാലത്ത് യാത്ര പോകാൻ പറ്റിയ ഒരിടം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തന്നെയുണ്ട്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടം എന്ന് ആദിവാസികൾ വിശ്വസിക്കുന്ന ഒരിടം- മലനിരകളാൽ സമ്പന്നമായ പൊന്മുടി !
 വർഷം മുഴുവൻ തണുപ്പുള്ള കാലാവസ്ഥ എന്നതാണ് പൊന്മുടിയുടെ എക്കാലത്തെയും പ്രത്യേകത. ഇടയ്ക്കിടെ പെയ്യുന്ന മഴ, നിമിഷനേരം കൊണ്ട് മൂടുന്ന കോടമഞ്ഞ് തുടങ്ങി പ്രകൃതിയുടെ പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പൊന്മുടിയിലാണ്.
പോകുന്ന വഴിയിൽ കല്ലാറിൽ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്.കല്ലാറിന്റെ തീരംചേർന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാൽ വെളളച്ചാട്ടം കാണാം.ഇതേപോലെ കല്ലാറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഒട്ടേറെ സുഖവാസകേന്ദ്രങ്ങൾ വേറെയുമുണ്ട്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും കല്ലാറില്‍ സൗകര്യമുണ്ട്.
കല്ലാർ കഴിയുന്നതോടെ കാട് തുടങ്ങുകയായി, അതിമനോഹരമായ കാട്ടിലൂടെ ഇരുപത്തിരണ്ട് ഹെയർ പിൻ വളവുകൾ പിന്നിടണം പൊൻമുടിയിലെത്താൻ.വഴിയിലൂട നീളം കുരങ്ങന്മാരെയും, മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന നിരവധി നീർച്ചാലുകളും വെള്ളച്ചാട്ടങ്ങളും ആസ്വദിച്ച് ഒരു യാത്ര.
പൊന്മുടിയില്‍ എത്തിച്ചേര്‍ന്നാലും സാഹസിക നടത്തത്തിന് കാട്ടുവഴികള്‍ നീളുന്നു.റോഡരികിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദര്‍ശകര്‍ക്കു കാഴ്ച്ചയാകും. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്.
പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം  സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് വിതുര കല്ലാർ റൂട്ടിൽ നിന്ന് 60 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നുകളാണ് പൊന്മുടി. ഉഷ്ണമേഖല മഴക്കാടുകളാണ് പൊന്മുടിയെ സുന്ദരമാക്കുന്നത്. ഗോൾഡൻ വാലി, എക്കോ പോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊന്മുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ടോപ് സ്റ്റേഷൻ.
.പൊന്മുടിയിലേക്കു ഒരു റോഡു യാത്ര ഏതു സമയത്തും ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങും ഉണ്ടാകാനിടയില്ല. കടല്‍ തീരത്താണ് തിരുവനന്തപുരം നഗരം.എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂറിനകം നിങ്ങൾ തികച്ചും വ്യത്യസ്തമായ മറ്റൊരു സ്ഥലത്തെത്തും.
തമ്പാനൂരിൽ നിന്നും നെടുമങ്ങാട്, വിതുര, കല്ലാർ എന്നിവിടങ്ങളിൽ നിന്നുമെല്ലാം പൊന്മുടിയിലേക്ക് കെഎസ്ആർടിസി സർവീസുകളും ഉണ്ട്. താമസത്തിനായി കെടിഡിസി കോട്ടേജ്, പൊന്മുടി ഗസ്റ്റ് ഹൗസ് എന്നിവയും ഉണ്ട്. ഭക്ഷണത്തിന് കെ ടി ഡി സി യുടെ റസ്റ്റോറന്റും, വനം വകുപ്പിന്റെ കാന്റീനും ഉണ്ട്.

Back to top button
error: