KeralaNEWS

മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ; ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

തിരുവനന്തപുരം: ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. 66-ാ മത് ദേശീയ സ്കൂൾ ഗെയിംസ് ജൂൺ ആറ് മുതൽ 12 വരെ ദില്ലി, ഭോപ്പാൽ, ഗ്വാളിയോർ എന്നിവിടങ്ങളിൽ വച്ചാണ് നടക്കുന്നത്. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചത്.

മെയ് 31ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർത്ഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190 പേരും പുറപ്പെടും.

Signature-ad

അത്ലറ്റിക്സ്, സ്വിമ്മിംഗ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. 66-ാ മത് ദേശീയ സ്കൂൾ ഗെയിംസ് 2022-23 അക്കാദമിക് വർഷത്തെ മത്സരമാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്കൂൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. 66-ാ മത് സ്കൂൾ ഗെയിംസിൽ 21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും 244 പെൺകുട്ടികളും അടക്കം 499 മത്സരാർത്ഥികളും 88 ഒഫീഷ്യൽസും ഉൾപ്പടെ 587 പേർ പങ്കെടുക്കുന്നുണ്ട്. സ്വിമ്മിംഗ് ഉൾപ്പടെ 13 ഗെയിമുകൾ ഡൽഹിയിലും അത്ലറ്റിക്സ് അടക്കം 6 മത്സരങ്ങൾ ഭോപ്പാലിലും, ഷട്ടിൽ ബാഡ്മിൻറൺ, ഹോക്കി എന്നീ മത്സരങ്ങൾ ഗ്വാളിയോറിലുമാണ് നടക്കുന്നത്.

ദില്ലിയിൽ നടക്കുന്ന 13 ഗെയിംസ് മത്സരങ്ങൾ 2023 ജൂൺ ആറ് മുതൽ 12 വരെയാണ്. ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഈ ടീമുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ടീമുകൾ ദില്ലിയിൽ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ അഞ്ചിനാണ്. ദില്ലിയിലെ മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനവും മാർച്ച് പാസ്റ്റും അഞ്ചിന് വൈകുന്നേരം ആറിന് നടക്കും.

ഇവിടെ നടക്കുന്ന ടെന്നിസ്, റസലിംഗ്, കബഡി, ചെസ്സ്, തൈക്കാണ്ടോ, ഹാൻഡ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, അക്വാറ്റിക്സ്, ജിംനാസ്റ്റിക്സ്, ഷൂട്ടിങ്, യോഗ, ബാസ്ക്കറ്റ്ബാൾ, ഖോ-ഖോ എന്നീ മത്സരങ്ങളിൽ ആകെ 137 ആൺകുട്ടികളും 133 പെൺകുട്ടികളും അടക്കം 270 കുട്ടികളും 51 ഒഫീഷ്യൽസും പങ്കെടുക്കും.

ഭോപാലിൽ രണ്ട് ഗ്രൂപ്പ് ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ ഗ്രൂപ്പ് ജൂൺ ആറ് മുതൽ ഒമ്പത് വരെ നടക്കും. ഇതിൽ അത്ലറ്റിക്സ്, ബോക്സിംഗ് മത്സരങ്ങളാണ് ഉള്ളത്. ഇതിൽ 71 കുട്ടികളും 16 ഒഫീഷ്യൽസും പങ്കെടുക്കും. രണ്ട് ടീമുകളും ഭോപാലിൽ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ അഞ്ചിനാണ്. ഉത്ഘാടനം ജൂൺ ആറിന് രാവിലെ എട്ടിനാണ് .
ഭോപാലിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങൾ ഫുഡ്ബോൾ, ജൂഡോ, വോളിബോൾ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങളാണ്. ഇതിൽ 89 കുട്ടികളും 14 ഒഫീഷ്യൽസും പങ്കെടുക്കും. ജൂൺ എട്ട് മുതൽ 13 വരെയാണ് ഈ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി പൂർത്തിയാക്കേണ്ടത് ജൂൺ രണ്ടിനാണ്. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ ഏഴിനും ഔദ്യോഗിക ഉത്ഘാടനം എട്ടിന് രാവിലെ എട്ടിനുമാണ്.

ഗ്വാളിയോറിൽ നടക്കുന്ന മത്സരങ്ങൾ ആയ ഹോക്കി, ഷട്ടിൽ ബാഡ്മിൻറൺ എന്നിവ ജൂൺ എട്ട് മുതൽ 12 വരെയാണ്. ഓൺലൈൻ എൻട്രി ജൂൺ 2 ന് പൂർത്തിയായിരിക്കണം. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ ഏഴിനാണ്. ഉത്ഘാടനം എട്ടിന് രാവിലെ എട്ടിനാണ്. ഇവിടെ 23 പെൺകുട്ടികളും 23 ആൺകുട്ടികളും അടക്കം 46 കുട്ടികളും ഏഴ് ഒഫിഷ്യൽസും പങ്കെടുക്കും.

കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ എല്ലാ കുട്ടികളേയും മത്സര വിവരം അറിയിക്കുകയും ഇവരുടെ ഓൺലൈൻ രജിസ്ട്രേഷൻ, പൂർത്തിയായി വരികയും ചെയ്യുന്നുണ്ട്. മത്സരങ്ങൾക്കായി പോകുന്നതിനു മുമ്പ് അഞ്ച് ദിവസത്തെ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, കൊല്ലം, തിരുവവന്തപുരം എന്നിവടങ്ങളിലായി നടക്കുന്നു. ഇതിൽ അത്ലറ്റിക് ടീമിൻറെ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 22 വർഷങ്ങളായി അത്ലറ്റിക്സിൽ കേരളം ദേശീയ ചാമ്പ്യൻമാരാണ്. ആ മികവ് ഈ വർഷവും നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: